tushar-mehta

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിയമോപദേശം തേടി. അഭിഭാഷക തലത്തിലുള്ള സംഘമാണ് സോളിസിറ്റർ ജനറലിൽ നിന്ന് നിയമോപദേശം തേടിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്ന് കർശന നിർദേശമുണ്ടായതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് കേരളകേഡറിലെ ഒരു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥ തുഷാർ മേത്തയുമായി കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് അഭിഭാഷക സംഘം ഇടപെട്ടത്.

സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെന്നും അതുകൊണ്ടുതന്നെ സെപ്‌തംബർ 20ന് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടി ആരംഭിച്ചതായി കോടതിയെ അറിയിക്കണമെന്നുമാണ് സോളിസിറ്റർ ജനറലിന്റെ നിയമോപദേശം. സെപ്‌തംബർ 23ന് കേസ് പരിഗണിക്കുമ്പോൾ സർക്കാരിന് വേണ്ടി തുഷാർ മേത്ത ഹാജരാകുമെന്നും സൂചനയുണ്ട്.

അതേസമയം,​ സുപ്രീംകോടതി ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകും. ഇതോടൊപ്പം സംസ്ഥാനത്തെ 140 എം.എൽ.എമാർക്കും നിവേദനം നൽകാനും ഫ്ളാറ്റ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജിയും സമർപ്പിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.