ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടേയും മകളാണ് പപ്പു എന്ന് വിളിക്കുന്ന അവന്തിക. മകൾക്കൊപ്പമുള്ള ചിത്രങ്ങളും, അവൾ പാട്ട് പാടുന്ന വീഡിയോയുമൊക്കെ അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പരിപാടിയുടെ ഭാഗമായി പോകുമ്പോൾ ഒരാഴ്ചയിൽ കൂടുതൽ വീട് വിട്ട് നിൽക്കേണ്ടി വരികയാണെങ്കിൽ അവളെ ഒപ്പം കൂട്ടുമെന്നും അല്ലെങ്കിൽ അവളെ തനിക്ക് ഒത്തിരി മിസ് ചെയ്യുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത സുരേഷ്.
മൈക്കും സ്റ്റേജുമൊക്കെ മകൾക്ക് ഏറെ ഇഷ്ടമാണെന്നും എപ്പോൾ അവസരം കിട്ടിയാലും സ്റ്റേജിൽ പാടാൻ അവൾ റെഡിയാണെന്നും അമൃത പറയുന്നു. 'ഒരാഴ്ചയിൽ കൂടുതൽ ഷോ ഉണ്ടെങ്കിൽ ഞാൻ അവളെ കൂടെക്കൂട്ടും. കുഞ്ഞല്ലേ, എനിക്ക് അവളെ വല്ലാണ്ട് മിസ് ചെയ്യും. അവൾക്ക് എന്നെയും... അല്ലാത്തപ്പോൾ എന്റെ അമ്മയുടെ കൂടെ നിൽക്കും. അവർ നല്ല കമ്പനിയാണ്'- അമൃത സുരേഷ് പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമൃത സുരേഷ് മനസ് തുറന്നത്.
2010ലായിരുന്നു ബാല അമൃതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. 2012ലാണ് ഇരുവർക്കും അവന്തിക ജനിച്ചത്. ദീർഘനാളായി അകന്നു കഴിയുന്ന ഇരുവരും ഈ വർഷമാണ് വിവാഹ മോചിതരായത്. കഴിഞ്ഞ ദിവസം മകൾ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിക്കുന്ന ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതുവരെ ആഘോഷിച്ചതിൽ ഏറ്റവും നല്ല ഓണമാണെന്ന അടിക്കുറിപ്പിനൊപ്പമാണ് ബാല ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.