mayor-vk-prasanth-

ദുരന്തനാളുകളിൽ നിന്നും കരകയറി ആഘോഷനാളുകളിലേക്ക് കേരളം കടന്നു പോകുകയാണ്. ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും കഴിയുകയാണെന്ന വസ്തുത മറക്കാതെയാണ് ഭരണസംവിധാനമടക്കം ഓണനാളുകളിൽ പതിവിലും പകിട്ടുകുറച്ച് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാം വർഷവും തുടർച്ചയായി പ്രളയം കേരളത്തിലെത്തിയപ്പോൾ എല്ലാം നഷ്ടമായവരുടെ കണ്ണീരു തുടയ്ക്കാൻ, ഉടുതുണിയുമായി സർക്കാർ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ചേക്കേറിയവർക്ക് രാവും പകലും ഉണർന്നിരുന്നു അവിശ്യ സാധനങ്ങളയച്ചു കൊടുത്തതിലൂടെ സ്റ്റാറായി മാറിയ തലസ്ഥാനത്തിന്റെ സ്വന്തം മേയർ വി.കെ.പ്രശാന്ത് കൗമുദി ടി.വിയോട് ഓണം നാളുകളിൽ മനസു തുറക്കുകയാണ്.

വടക്കൻ കേരളത്തിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കഷ്ടപ്പെടുന്നവരെ കേരളത്തിന്റെ തെക്കുള്ളവർ തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന പരാതികൾ വിദ്വേഷത്തിന്റെ ആവരണമണിഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിൽ പടരവേയാണ് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ചുക്കാൻ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് ഏറ്റെടുക്കുന്നത്. തുടർന്ന് തലസ്ഥാനത്തിന്റെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങൾ മേയറുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും ലൈവുകളിലുമൊക്കെയായി ലോകം കണ്ടകാര്യങ്ങളാണ്. കേരളത്തിന് മേയർ ഇപ്പോൾ ഒന്നേയുള്ളു അത് തലസ്ഥാനത്തിന്റെ സ്വന്തം മേയർ ബ്രോയാണ്.

എന്നാൽ കോടിക്കണക്കിന് രൂപ നൽകിയാലും ചെയ്യാനാവാത്ത സേവനമാണ് തലസ്ഥാനത്തെ യുവത്വം ഒന്നായെത്തി ചെയ്തതെന്ന് അഭിപ്രായപ്പെട്ട് അംഗീകാരത്തിന്റെ തിലകം ഏവർക്കും വീതിച്ചു നൽകാനുള്ള നല്ല മനസാണ് അദ്ദേഹം കാണിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ ആയിരങ്ങൾ നഗരസഭയിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നു.

മുൻപ് ചെറിയൊരു മഴയിലും തിരുവനന്തപുരം വെള്ളക്കെട്ടായി മാറുമായിരുന്നു. എന്നാൽ ഇന്നതില്ല. തിരുവനന്തപുരത്ത് വെള്ളപ്പൊക്കമുണ്ടാകാത്തതിന് കാരണവും കൗമുദി ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ നഗരപിതാവ് വ്യക്തമാക്കുന്നു. മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ കാണിക്കുന്ന ജാഗ്രതയുടെ വെള്ളം ഒഴുകുന്നതിനുള്ള സംവിധാനങ്ങൾ കൃത്യമായി പരിപാലിക്കുന്നതിലൂടെയുമാണ് ഇത് സാദ്ധ്യമാക്കി മാറ്റിയത്. ഓപ്പറേഷൻ അനന്തയും ഇതു സാദ്ധ്യമാക്കി. അടുത്ത ലക്ഷ്യം തലസ്ഥാന നഗരത്തെ സീറോ വേസ്റ്റ് നഗരമാക്കി മാറ്റുക എന്നതാണ് , ഇതിനായുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിംഗപ്പൂരിലേയും മറ്റ് വിദേശരാജ്യങ്ങളിലേയും റോഡുകളുടെ വൃത്തിയെ കുറിച്ച് പറയുന്നവർ ഒരു മിഠായിയുടെ കവർ പോലും റോഡിലിടാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.