ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരനും മുൻ നാവിക സേനാ ഉദ്യോഗസ്ഥനുമായ കുൽഭൂഷൺ ജാദവിന് രണ്ടാമതും നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്ഥാൻ. കുൽഭൂഷൻ ജാദവിന്റെ കോൺസുലർ പ്രവേശനം പാകിസ്ഥാൻ വ്യാഴാഴ്ച തടഞ്ഞു.
പാകിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലാണ് പ്രസ്‌താവന പുറത്തുവിട്ടത്. കുൽഭൂഷൺ ജാദവിന് കോൺസുലർ പ്രവേശനമുണ്ടാകില്ലെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു. വിയന്ന കൺവെൻഷനും അന്താരാഷ്ട്ര നീതിന്യായകോടതി (ഐ.സി.ജെ) വിധിന്യായവും അനുസരിച്ച് കുൽഭൂഷൺ ജാദവിന് സെപ്റ്റംബർ 2 ന് പാകിസ്ഥാൻ ആദ്യ കോൺസുലർ പ്രവേശനം നൽകിയിരുന്നു. കോൺസുലർ പ്രവേശനത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു അത്.
Dr Mohammad Faisal, Spokesperson, Ministry of Foreign Affairs, Pakistan: There would be no second consular access to Kulbhushan Jadhav. (file pic) pic.twitter.com/zthz4Zewfh
— ANI (@ANI) September 12, 2019
ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയ കുൽഭൂഷൺ ജാദവുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ എതിർപ്പ് വകവയ്ക്കാതെ, കൂടിക്കാഴ്ച നടന്ന മുറിയിൽ പാകിസ്ഥാൻ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മാത്രമല്ല, മുഴുവൻ നടപടികളും രേഖപ്പെടുത്തുകയും ചെയ്തു. സുതാര്യത ഉറപ്പാക്കാനാണ് വിവരങ്ങൾ രേഖപ്പെടുത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്ലാമാബാദ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
കുൽഭൂഷൺ ജാദവിനെ ബലൂചിസ്ഥാനിൽ നിന്ന് 2016 മാർച്ച് 3 നാണ് പാകിസ്ഥാൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇറാനിൽ നിന്ന് രാജ്യത്ത് പ്രവേശിച്ച ശേഷമാണ് കുൽഭൂഷൺ ജാദവ് അറസ്റ്റിലായതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ പാകിസ്ഥാന്റെ ആരോപണം ഇന്ത്യ നിരസിച്ചു. കുൽഭൂഷൻ ജാദവിനെ ഒരു ബിസിനസ്സ് യാത്രയ്ക്കിടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഇന്ത്യ വാദിക്കുന്നു.