kodiyeri

തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സി.പി.എം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. സുപ്രീം കോടതി വിധി ന്യായം കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്ന് കോടിയേരി പ്രതികരിച്ചു. കോടതി ഉത്തരവ് പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഫ്ളാറ്റിലെ താമസക്കാർ യാതൊരു വിധ നിയമ ലംഘനവും നടത്തിയിട്ടില്ല, നിയമലംഘനം നടത്തിയവർക്കെതിരെയാണ് നടപടി വേണ്ടതെന്നും കോടിയേരി പറഞ്ഞു.

ഫ്ളാറ്റിൽ താമസിക്കുന്നവരെ എങ്ങനെ സഹായിക്കാൻ കഴിയും എന്ന് എല്ലാതലത്തിലും ആലോചിക്കണം. നിയമപരമായി എന്തുചെയ്യാൻ കഴുയമെന്നാണ് നോക്കേണ്ടത്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ട്. താമസക്കാർക്ക് സഹായം ചെയ്യുന്നതിന് സി.പി.എം നടപടി സ്വീകരിക്കും. അവരുടെ പുനരധിവാസത്തിന് എന്തു ചെയ്യാമെന്ന് സർക്കാർ ആലോചിക്കണം. മാനുഷിക പരിഗണനയ്‌ക്ക് സർക്കാർ തയ്യാറകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇത്രയും കുടുംബങ്ങൾ വഴിയാധാരമാകാൻ പാടില്ല. സുപ്രീം കോടതി തന്നെ ഇതിൽ ഇടപെടണം. പ്രായോഗിക പ്രശ്‌നങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോടതി സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വിവേചനപരമാണെന്ന് മുൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പ്രതികരിച്ചു.

തീരദേശപരിപാലനച്ചട്ടം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകളുടെ കാര്യത്തിൽ പിഴ നൽകാനാണ് കോടതി നേരത്തെ വിധിച്ചിരുന്നതെന്ന് തന്റെ ട്വീറ്റിലൂടെയാണ് ജയറാം രമേഷ് വ്യക്തമാക്കിയത്. ഡി.എൽ.എഫ് ഫ്ളാറ്റുകളുടെയും മുംബയിലെ ആദർശ് ഹൗസിംഗ് കെട്ടിട സമുച്ചയത്തിന്റെയും കാര്യത്തിൽ ഇങ്ങനെയായിരുന്നുവെന്നും, ഇതിൽ നിന്ന് എന്ത് വ്യത്യാസമാണ് മരട് ഫ്ളാറ്റുകളുടെ കാര്യത്തിൽ ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.