nirmala-seetharaman

ന്യൂഡൽഹി: വാഹന വിപണിയിലെ നിലവിലെ മാന്ദ്യത്തിന് കാരണം പുതുതലമുറ ഓൺലൈൻ ടാക്‌സികളോട് സ്വീകരിക്കുന്ന ഭ്രമമാണെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്‌താവനയ്ക്ക് പിന്തുണയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മാന്ദ്യത്തിന്റെ കാരണങ്ങളിൽ ഒന്ന് യുവാക്കൾ കൂടുതലായി ഓൺലൈൻ ടാക്സി സേവനങ്ങളെ ആശ്രയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ആഗോള സമ്പദ് വ്യവസ്ഥ,​ ഉൽപ്പന്നങ്ങളുടെ ആവശ്യകത,​ വിതരണം എന്നിവയിലും പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വാഹന വിപണി മെച്ചപ്പെടുത്താനുള്ള പദ്ധതി ഗതാഗത മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 'രാജ്യത്തിന്റെ വികസനത്തിന് സുപ്രധാന സംഭാവന നൽകുന്ന വ്യവസായമാണിത്. വാഹന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ കൂടെയുണ്ടാകും. ഇന്ത്യ വാഹനങ്ങളുടെ നിർമ്മാണ ശാലകളുടെ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ'- നിതിൻ ഗഡ്കരി പറഞ്ഞു.

വാഹന വിപണിയിലെ നിലവിലെ മാന്ദ്യത്തിന് കാരണം പുതുതലമുറ ഓൺലൈൻ ടാക്‌സികളോട് സ്വീകരിക്കുന്ന ഭ്രമമാണെന്നായിരുന്നു നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞത്. 'പുതിയ കാറുകൾ വാങ്ങുന്നതിന് പകരം പുതുതലമുറ ഓല, ഊബർ പോലുള്ള ഓൺലൈൻ ടാക്‌സി സേവനങ്ങളെ ആശ്രയിക്കുകയാണ്. മാസത്തവണയിൽ വാഹനം വാങ്ങിക്കുന്നതിന് പകരം പുതുതലമുറ ഓൺലൈൻ ടാക്‌സികളെയും മെട്രോ പോലുള്ള പൊതുഗതാഗത മാർഗങ്ങളെയും മാത്രമാണ് ആശ്രയിക്കുന്നതെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അവരുടെ മനോഭാവം മാറ്റുന്നതിനുള്ള പദ്ധതികൾ കേന്ദ്രം ആവിഷ്‌ക്കരിക്കുന്നുണ്ട്. വാഹനവിപണിയിലെ മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ വേണ്ടത് ചെയ്യും' എന്നായിരുന്നു മന്ത്രി പറഞ്ഞത്. വാഹനവിപണി ഇരുപത് വർഷത്തെ ഏറ്റവും വലിയ മാന്ദ്യം നേരിടുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

എന്നാൽ മന്ത്രിയുടെ പ്രസ്‌താവനയ്ക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിരുന്നു. ബി.ജെ.പി ഭരണത്തിലെ കഴിവില്ലായ്മയും അപക്വതയും പരിചയമില്ലായ്മയുമാണ് ധനമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ നിർമല സീതാരാമന്റെ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മില്ലേനിയലുകളെക്കുറിച്ചുള്ള മണ്ടൻ സിദ്ധാന്തങ്ങൾ രാജ്യത്തിന് ആവശ്യമില്ലെന്നും ഇത്തരം പ്രചാരണ വേലകളെ കൊണ്ടോ കൃത്രിമ വാർത്തകളെ കൊണ്ടോ രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ കഴിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.