kulbhushan-

ഇസ്ലാമാബാദ്: ചാരവൃത്തിയാരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് ഇനി നയതന്ത്രസഹായം നൽകില്ലെന്ന് പാകിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിനെത്തുടർന്ന് ആഗസ്റ്റ് 2ന് പാകിസ്ഥാൻ കുൽഭൂഷണിന് ഇന്ത്യയിൽനിന്നുള്ള നയതന്ത്ര സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഉപാധികളില്ലാത്ത നയതന്ത്രസഹായം എന്ന ആവശ്യത്തിൽ ഉറച്ചുനിന്ന ഇന്ത്യ, ഈ വാഗ്ദാനം നിരസിച്ചു. പിന്നീട്, ഈ മാസം 2ന് നയതന്ത്രസഹായത്തിന് പാകിസ്ഥാൻ വീണ്ടും അനുമതി നൽകിയിരുന്നു. തുടർന്ന് പാകിസ്ഥാനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് അലുവാലിയയായിരുന്നു കുൽഭൂഷണിനെ സന്ദർശിച്ചത്. എന്നാൽ,​ പാക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഈ കൂടിക്കാഴ്ച റെക്കാഡ് ചെയ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ കുൽഭൂഷൺ കടുത്ത സമ്മർദ്ദത്തിലാണ് ജയിലിൽ കഴിയുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വയം ചാരനാണെന്നു സമ്മതിച്ച് പ്രസ്താവന നൽകാൻ കുൽഭൂഷണിനെ പാകിസ്ഥാൻ നിർബന്ധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞിരുന്നു.

 കരാർ ലംഘനം

പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്ന ഇന്ത്യയുടെ വാദത്തിന് ശക്തിപകരുന്നതാണ് പാകിസ്ഥാന്റെ പുതിയ തീരുമാനം. ഇക്കഴിഞ്ഞ ജൂലായിൽ പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതിന്യായകോടതി ശരിവച്ചിരുന്നു. ജാദവിന്റെ വധശിക്ഷ നിറത്തിവയ്ക്കണമെന്നും വിചാരണ വീണ്ടും നടത്തണമെന്നും അതിനായി നയതന്ത്രസഹായം നൽകണമെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയുടെ വിധി. എന്നാൽ ഒറ്റത്തവണ മാത്രം നയതന്ത്ര സഹായം പേരിന് നൽകി, ഇത് ലംഘിക്കാനാണ് പാകിസ്ഥാൻ ഒരുങ്ങുന്നത്.

 പിൻബലമായി കോടതി വിധി

2016 മാർച്ച് 3-നാണ് പാക് സുരക്ഷാ ഏജൻസികൾ ബലൂചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ ചാരപ്രവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. 2017 ൽ പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. പാക് ചാരന്മാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്തെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മേയിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായക്കോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്ഥാൻ കുൽഭൂഷണിനെ തടവിൽ വച്ചതും അറസ്റ്റ് ചെയ്തതുമെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. തുടർന്ന് കുൽഭൂഷണിന് നയതന്ത്രസഹായം പാകിസ്ഥാൻ ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ശ്രമം തുടരും: ഇന്ത്യ

കുൽഭൂഷൺ ജാദവിന് വീണ്ടും നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്ന് ഇന്ത്യ. പാകിസ്ഥാനുമായി ഇതിനായുള്ള ആശയവിനിമയം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ പ്രതികരിച്ചു. നയതന്ത്രതലത്തിൽ പരിഹാരം കാണേണ്ട വിഷയമാണിതെന്നും ഇന്ത്യ വ്യക്തമാക്കി. കുൽഭൂഷൺ ജാദവിന് രണ്ടാംതവണ നയതന്ത്രസഹായം നൽകാൻ കഴിയില്ലെന്ന പാക് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ.