rawat-

ന്യൂഡൽഹി: ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്തതിന് പിന്നാലെ പാക് അധിനിവേശ കാശ്മീരിനെ ലക്ഷ്യംവച്ച് മോദി സർക്കാരും സൈന്യവും. പാക് അധിനിവേശ കാശ്മീർ തിരികെപ്പിടിക്കാനും ഇന്ത്യയുടെ ഭാഗമാക്കാനും വേണ്ടി എന്തുചെയ്യാനും തയ്യാറാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും റാവത്ത് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

പാക് അധിനിവേശ കാശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് സർക്കാരിന്റെ അടുത്ത അജൻഡയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിപിൻ റാവത്ത്. ഇനി പാകിസ്ഥാനുമായി ചർച്ച നടത്തുന്നത് പാക് അധിനിവേശ കാശ്മീരിന്റെ വിഷയത്തിൽ മാത്രമായിരിക്കുമെന്ന് നേരത്തേ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും നിയമമന്ത്രി രവിശങ്കർ പ്രസാദും അഭിപ്രായപ്പെട്ടിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പുനഃപരിശോധിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കിയിരുന്നു.

''പാക് അധിനിവേശ കാശ്മീർ (പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാക്കുകയെന്നതാണ് അടുത്ത അജൻഡ. ഇതു എന്റെയോ ബി.ജെ.പിയുടെയോ മാത്രം തീരുമാനമല്ല. 1994ൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ പ്രമേയമാണിത്"- ജിതേന്ദ്ര സിംഗ് ജമ്മുവിൽ പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ 100 ദിനങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു ജിതേന്ദ്രസിംഗിന്റെ പരാമർശം.