ഭോപ്പാൽ : മഴദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ഉത്തരേന്ത്യയിലെ കർഷകർ നിരവധി വ്യത്യസ്തമായ മാർഗങ്ങൾ അവലംബിക്കാറുണ്ട്. തവളകല്യാണമാണ് ഇവയിലൊന്ന്. തവളകൾ വിളിക്കുമ്പോൾ മഴപെയ്യുമെന്ന വിശ്വാസമാണ് ഇതിനാധാരമായിട്ടുള്ളത്. കഴിഞ്ഞ ജൂൺ ജൂലായ് മാസത്തിൽ കടുത്ത വരൾച്ചയിൽ രാജ്യത്തെ നിരവധി ഇടങ്ങളിൽ ജനം വലഞ്ഞിരുന്നു. കൃഷി സമയമായിട്ടുകൂടി മഴമേഘങ്ങൾ പ്രസാദിക്കാതെയായതോടെ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ കർഷകർ രണ്ട് തവളകളെ വിവാഹം ചെയ്യിപ്പിച്ചു. സാധാരണയായി ഇവിടങ്ങളിൽ മഴമേഘങ്ങളെ പ്രസാദിപ്പിക്കുവാനായി കർഷകർ ഇത്തരത്തിലുള്ള ആചാരങ്ങൾ പിന്തുടരാറുണ്ട് . ജൂലായ് 19ന് ഓം ശിവ് സേവാ ശക്തി മണ്ഡൽ എന്ന സംഘടനയാണ് തവളകളെ കല്യാണം കഴിപ്പിച്ചത്.
എന്നാൽ തവളകളുടെ വിവാഹം കഴിഞ്ഞതോടെ മഴ നിർത്താതെ പെയ്യുകയായിരുന്നു. കല്യാണത്തിന്റെ തീവ്രത കുറച്ചു കൂടിപ്പോയോ എന്ന സംശയം ഉണ്ടാക്കുന്ന രീതിയിലാണ് മഴ പിന്നീടങ്ങോട്ട് പെയ്ത് തകർത്തത്. ഇതോടെ തവളകളുടെ വിവാഹം നടത്തിയ കാരണവൻമാർ ക്രൂരമായ ആ തീരുമാനം എടുക്കുകയായിരുന്നു. വിവാഹം ചെയ്യിപ്പിച്ച തവളകളെ ഡിവോഴ്സ് ചെയ്ത് വേർപിരിയിപ്പിക്കുക എന്നതായിരുന്നു ആ കടുംകൈ. രണ്ടു പേരെയും രണ്ടിടത്താക്കി പാർപ്പിക്കുവാനാണ് ഇപ്പോൾ കർഷകർ തീരുമാനിച്ചിരിക്കുന്നത്. കനത്ത മഴയാണ് ഭോപ്പാലടക്കമുള്ള സ്ഥലങ്ങളിൽ ലഭിക്കുന്നത്. ഇവിടങ്ങളിൽ ഡാമുകളടക്കം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.