കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര ഫിഷ് മാർക്കറ്റിന് സമീപം ബുധനാഴ്ച പുലർച്ച 4 മണിക്ക് കാറും, പാൽവിതരണത്തിന് പോവുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. മറ്റു നാല് പേരെയും പിക്കപ്പ് വാൻ ഡ്രൈവറെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മാത്തറ പി.കെ.കോളേജിൽ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്ന കൂട്ടുകാരായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ബേപ്പൂർ രേഷ്മി മൻസിലിൽ മുഹമ്മദ് ഷാഫിയുടെ മകൻ ഷാഹിദ് (23), വൈദ്യരങ്ങാടി പുളിഞ്ചോട് ചോയിൽ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ മുനവ്വർ (22) എന്നിവരാണ് മരിച്ചത്. അക്മൽ (23), സനജ്(23), സാലിക്ക് (23) സൈനുദ്ദീൻ (23) പിക്കപ്പ് വാൻ ഡ്രൈവർ യാസിർ (32) എന്നിവർ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലാണ്.
ഗുൽസാർ ആണ് മരിച്ച ഷാഹിദിന്റെ മാതാവ്. ഇർഫാന സഹോദരിയാണ്., മരിച്ച മുനവ്വറിന്റെ മാതാവ്: റസിയ, സഹോദരങ്ങൾ: മെഹ്റാസ്, ഫൈറൂസ്, റിഫാന, പന്നിയങ്കര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടു നൽകി.