കൊച്ചി: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസവുമായി വില താഴേക്ക് ഇറങ്ങുന്നു. ഈമാസം നാലിന് 29,120 രൂപയെന്ന സർവകാല റെക്കാഡ് ഉയരം കുറിച്ച പവൻ, ഇന്നലെ വ്യാപാരം ചെയ്യപ്പെട്ടത് 28,000 രൂപയിലാണ്. റെക്കാഡിൽ നിന്ന് ഇതുവരെ കുറഞ്ഞത് 1,120 രൂപ. ഇന്നലെ മാത്രം പവന് 240 രൂപ താഴ്‌ന്നു.
ഇന്നലെ 30 രൂപ കുറഞ്ഞ്, ഗ്രാം വില 3,500 രൂപയായി. സെപ്‌തംബർ നാലിന് വില റെക്കാഡ് ഉയരമായ 3,640 രൂപയായിരുന്നു. അന്നുമുതൽ ഇതുവരെ കുറഞ്ഞത് 140 രൂപ. കഴിഞ്ഞവാരം ട്രോയ് ഔൺസിന് 1,550 ഡോളറായിരുന്ന അന്താരാഷ്‌ട്ര വില ഇന്നലെ 1,493.65 ഡോളറിലേക്ക് താഴ്‌ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് സ്വർണവില കുറയാൻ കാരണം.