ലണ്ടൻ: ഭൂമിക്ക് പുറത്ത് ജീവന്റെ തുടിപ്പ് അന്വേഷിക്കുന്ന ശാസ്ത്രലോകത്തിന് പ്രതീക്ഷയേകി പുതിയ കണ്ടെത്തൽ. സൗരയൂഥത്തിന് പുറത്ത് ചുവന്ന കുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന കെ 2- 18ബി എന്ന ഗ്രഹത്തിലാണ് മനുഷ്യവാസയോഗ്യമായ അന്തരീക്ഷവും ബാഷ്പരൂപത്തിലുള്ള ജലാംശവും കണ്ടെത്തിയത്.
നേച്ചർ അസ്ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള വിവരമുള്ളത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകസംഘമാണ് ഈ പഠനം നടത്തിയത്.
ലണ്ടൻ യൂണിവേഴ്സിറ്രി കോളേജ് വികസിപ്പിച്ചെടുത്ത സാങ്കേതിക ഉപകരണങ്ങളിലൂടെ ഹബിൾ ബഹിരാകാശ ദൂരദർശനിയിൽ നിന്നുള്ള വിവരങ്ങളിൽ നിന്നും ജലബാഷ്പ തന്മാത്രകൾ തിരിച്ചറിയാൻ സാധിക്കും.
ഇതാദ്യമായാണ് സൗരയൂഥത്തിന് പുറത്ത് ഒരു ഗ്രഹത്തിൽ ജലാംശം കണ്ടെത്തുന്നത്. ഭൂമിയിൽ നിന്നും110 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമാണ് കെ 2-18ബി. 2015ൽ നാസയുടെ കെപ്ലർ സ്പേസ് ക്രാഫ്റ്റാണ് ഇതാദ്യമായി കണ്ടെത്തുന്നത്. ഭൂമിയെക്കാൾ എട്ടുമടങ്ങ് ഭാരവും രണ്ടുമടങ്ങ് വലിപ്പവുമുണ്ടിതിന്. സൗരയൂഥത്തിന് പുറത്തുള്ള 4000ഓളം ഗ്രഹങ്ങൾ തുടർച്ചയായി നിരീക്ഷിച്ചതിന്റെ ഫലമായാണ് കെ2-18ബിയിലെ ജലസാന്നിദ്ധ്യം കണ്ടെത്താനായിട്ടുള്ളത്.