1. കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ ഉള്ള ശ്രമം തുടരുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാകിസ്ഥാനും ആയും ഇക്കാര്യത്തില്‍ ആശയ വിനിമയം തുടരും. ഐ.സി.ജെ വിധി പൂര്‍ണമായി നടപ്പാക്കി കിട്ടാനുള്ള ശ്രമങ്ങളും തുടരും. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് പൂര്‍ണമായും പാകിസ്ഥാന്‍ നടപ്പാക്കണം.
2. ഭീകര സംഘടനകള്‍ക്ക് താവളം ഒരുക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ന്യൂനപക്ഷങ്ങളെ പാകിസ്ഥാന്‍ വേട്ടയാടുകയാണ്. ആഗോള തലത്തില്‍ തന്നെ ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതും ആണ്. ലഡാക്കിലെ സംഘര്‍ഷം അവസാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈനിക ഉദ്യോഗസ്ഥരും ആയി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു എന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
3. പാക് അധീന കാശ്മീരിനായി എന്തിനും സൈന്യം തയ്യാറെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക ആണ് ഇനി ലക്ഷ്യം എന്നായിരുന്നു കരസേനാ മേധാവിയുടെ പ്രസ്താവന. കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിര്‍ദ്ദേശവും നടപ്പാക്കാന്‍ കരസേന തയ്യാറാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.
4. കഴിഞ്ഞ ദിവസം യു.എന്‍ മനുഷ്യാവകാശ കമ്മീഷനിലടക്കം കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ശക്തമാ നിലപാട് സ്വീകരിച്ചതിന് പിന്നാലെ ആണ് കരസേനാ മേധാവിയുടെ പ്രസ്താവന പുറത്ത് വരുന്നത്. നേരത്തെ പാര്‍ലമെന്റില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും, കശ്മീര്‍ വിഷയത്തില്‍ ഇനി എന്തെങ്കിലും ചര്‍ച്ച ഉണ്ടെങ്കില്‍ അത് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം ആക്കുന്നതിനെ പറ്റി ആയിരിക്കുമെന്നും രാജ്നാഥ് സിംങ്ങും വ്യക്തം ആക്കിയിരുന്നു. പിന്നീട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഇതേ നിലപാടുമായി രംഗത്ത് എത്തിയിരുന്നു.
5. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം എന്ന ഉത്തരവ് അപ്രായോഗികം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ് ഇത്. നിയപരമായി എന്ത് ചെയ്യാമെന്ന് ആലോചിക്കണം എന്നും കോടിയേരി പറഞ്ഞു. മരടിലെ ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാട് എടുക്കണം. മിക്ക ഫ്ളാറ്റ് ഉടമകള്‍ക്കും കയറി കിടക്കാന്‍ പോലും വേറെ ഇടമില്ല. ഫ്ളാറ്റ് നിര്‍മ്മിച്ചവരും അനുമതി നല്‍കിയവരും ആണ് തെറ്റ് ചെയ്തത്.
6. താമസക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല എന്നും ചെന്നിത്തല. ഫ്ളാറ്റ് പൊളിക്കേണ്ടി വന്നാല്‍ തക്കതായ നഷ്ട പരിഹാരം നല്‍കണം എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സി.പി.എം? മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒപ്പം എന്ന് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനും. സഖ്യകക്ഷിയായ സി.പി.ഐയുടെ മരട് ലോക്കല്‍ കമ്മിറ്റിയുടെ നിലപാടുകള്‍ തള്ളി ആണ് സി.പി.എം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. ഫ്ളാറ്റുടമകളെ ഒഴിപ്പിക്കുന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
7. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സി.പി.എം ആവശ്യപ്പെടും. അടിയന്തരമായി വിഷയത്തില്‍ സുപ്രീംകോടതിയെ വിവരങ്ങള്‍ അറിയിക്കണം എന്നും സി.പി.എം സര്‍ക്കാരിനോട് പറയും. ഈ മാസം 14 ന് രാവിലെ 10 മണിക്ക് സി.പി.എം നേതൃത്വത്തില്‍ മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തുമെന്നും സി.എന്‍ മോഹനന്‍ വ്യക്തമാക്കി.
8. അതേസമയം, മരടിലെ ഫ്ളാറ്റ് ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും. ഫ്ളാറ്റുകളിലെ താമസക്കാര്‍ ഒപ്പിട്ട ഹര്‍ജി ഇമെയില്‍ ആയി അയക്കും. ഇതോടൊപ്പം 140 എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കാനും തീരുമാനം. അഞ്ച് ദിവസത്തിനകം ഒഴിയണം എന്ന് ആവശ്യപ്പെട്ട് നാല് ഫ്ളാറ്റുകളിലെയും ഉടമകള്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 20ന് മുമ്പ് ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്.
9. കേരളത്തില്‍ സ്ഥിരം നിപ നിരീക്ഷണ കേന്ദ്രം ആരംഭിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്രത്തിന്റെ നടപടി, തുടര്‍ച്ചയായി 2 തവണ സംസ്ഥാനത്ത് നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍. പഴം തീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം തുടര്‍ച്ചയായി കണ്ടതിനാല്‍ വനം വകുപ്പും, മൃഗ സംരക്ഷണ വകുപ്പും വിശദമായ പഠനം നടത്തണം എന്നും കേന്ദ്രം നിര്‍ദേശിച്ചു. ഏതൊക്കെ മേഖലകളില്‍ വൈറസ് സാന്ദ്രത കൂടുതല്‍ ആയി കാണുന്നു എന്ന് പഠനത്തിലൂടെ കണ്ടെത്തണം.
10. വളര്‍ത്തു മൃഗങ്ങളിലും സ്ഥിരം നിരീക്ഷണം നടത്തണം. മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെ ഉള്ള പനികളില്‍ സ്ഥിരം ജാഗ്രതയും, നിരീക്ഷണവും പുലര്‍ത്തണം എന്ന് 2 മാസം മുന്‍പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് കത്ത് നല്‍കി ഇരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് കേരള ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്‍കിയിട്ട് ഉണ്ട്.
11. മോട്ടോര്‍ വാഹന നിയമത്തിലെ ഉയര്‍ന്ന പിഴത്തുക പകുതി ആക്കി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിച്ച ശേഷം അന്തിമ തീരുമാനം എടുക്കും എന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഭേദഗതിക്ക് അനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും എന്ന് ഗതാഗത മന്ത്രി അറിയിച്ചു. പിഴ തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ ഉയര്‍ന്ന പിഴ ഈടാക്കില്ല എന്നും കര്‍ശന നടപടികള്‍ ഉണ്ടാകില്ല എന്നും മന്ത്രി. എന്നാല്‍ തീരുമാനം വരുന്നത് വരെ ബോധവത്കരണം തുടരും.
12. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി പുതുക്കേണ്ട നിരക്ക് ചര്‍ച്ച ചെയ്യും. പിഴ തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ലഭിച്ചാലും പഴയ മോട്ടോര്‍ വാഹന പിഴത്തുക കേരളം പുനസ്ഥാപിക്കില്ല എന്നും ഗതാഗത മന്ത്രി പറഞ്ഞു. ഗുജറാത്ത് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ നടപ്പില്‍ ആക്കിയത് പോലെ പുതിയ പിഴ തുകയുടെ പകുതി ഈടാക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് എല്‍.ഡി.എഫ് തലത്തിലും കൂടി ആലോചന നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനും ഉള്ള പിഴയില്‍ കുറവ് ഉണ്ടാകില്ല.
13. അതേസമയം, ഗതാഗത നിയമ ലംഘനം പിഴത്തുക കുറയ്ക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമോപദേശം തേടും. പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോ എന്നതിലാണ് ഉപദേശം തേടുക. കേന്ദ്രത്തിന്റെ നീക്കം, പിഴത്തുകയ്ക്ക് എതിരെ ബി.ജെ.പി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത് എത്തിയതിനാല്‍. മഹാരാഷ്ട്ര, ഗോവ, ബീഹാര്‍ സംസ്ഥാനങ്ങള്‍ പിഴ കുറയ്ക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തി. കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ പിഴ തുകയില്‍ ഇളവ് വരുത്തുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാന്‍ അവകാശം ഉണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു.