ന്യൂഡൽഹി: കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ഏതാനും വർഷങ്ങൾ വേണ്ടിവന്നേക്കാമെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മൻമോഹൻ സിംഗ് . പ്രതിസന്ധി നേരിടുന്നു എന്ന് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ദൈനിക് ഭാസ്‌കറിനും ഹിന്ദു ബിസിനസ് ലൈനും നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അഞ്ചിന നിർദ്ദേശങ്ങളും മൻമോഹൻ സിംഗ് മുന്നോട്ടുവച്ചു.
സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ആവശ്യം. സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കാതെ സർക്കാർ സമയം പാഴാക്കുകയാണ്. ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന യാഥാർത്ഥ്യം നിഷേധിച്ചിട്ട് കാര്യമില്ല. പൊടിക്കൈകൾ കൊണ്ടോ നോട്ട് നിരോധനം പോലുള്ള അബദ്ധങ്ങൾ കൊണ്ടോ പ്രയോജനമില്ല.
തൊഴിലവസരം സൃഷ്ടിക്കാനുള്ള മേഖലകൾക്ക് സർക്കാർ സഹായം നൽകണം. ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് ഉണർവ്വുണ്ടാക്കാൻ അഞ്ച് നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
1. ജി.എസ്.ടി നിരക്ക് ഏകീകരിക്കുക , 2. കാർഷിക മേഖല പുനരുദ്ധരിക്കണം, ഗ്രാമീണമേഖലയിൽ വാങ്ങൽ ശേഷി കൂട്ടാൻ നടപടി വേണം. 3. പണലഭ്യത കുറയുന്നത് ഗൗരവത്തോടെ കാണണം. പൊതുമേഖലാ ബാങ്കുകൾ മാത്രമല്ല, മറ്റ് ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയില്ലാത്തതിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്. 4. ടെക്‌സ്റ്റൈൽ, വാഹനമേഖല, ഇലക്ട്രോണിക്‌സ് രംഗം, നിർമ്മാണ മേഖല പോലെ വൻതോതിൽ തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്ന മേഖലകൾ പുനരുജ്ജീവിപ്പിക്കണം. ഇതിനായി വായ്പകൾ ലഭ്യമാക്കണം
5. അമേരിക്കയും ചൈനയും തമ്മിൽ വ്യാപാര യുദ്ധം നടക്കുന്നതിനാൽ പുതിയ കയറ്റുമതി വിപണികൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കണം. തുടങ്ങിയവയാണ് മൻമോഹൻ സിംഗിന്റെ നിർദ്ദേശം.