ന്യൂഡൽഹി: രാജ്യത്ത് കാറുകളുടെ വിൽപ്പന ഇടിയുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ വിചിത്രമായ കണ്ടുപിടുത്തം സംസാരവിഷയമാകുന്നതിനിടെ പുലിവാൽ പിടിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയലും. ഗുരുത്വാകർഷണ ബലം കണ്ടുപിടിച്ചത് ഐൻസ്റ്റീൻ ആണെന്നാണ് ഗോയലിന്റെ പ്രസ്താവന. ടി.വിയിൽ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുതെന്നും രാജ്യം അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടന കൈവരിക്കാൻ പോവുകയാണെന്നും എന്നാൽ, ഇപ്പോൾ ആറ്-ഏഴ് ശതമാനം മാത്രമാണ് വളർച്ചയെന്നും കണക്കുകളുടെ പിന്നാലെ പോകരുതെന്നും ഗുരുത്വാകർഷണബലം കണ്ടുപിടിക്കാൻ ഐൻസ്റ്റീനെ കണക്ക് സഹായിച്ചിട്ടില്ലെന്നുമാണ് ഗോയൽ പറഞ്ഞത്. വ്യാപാര ബോർഡിന്റെ യോഗത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐൻസ്റ്റീനെയും ഗുരുത്വാകർഷണബലത്തെയും ചേർത്ത് പറഞ്ഞതിന് പിന്നാലെ ട്രോളുകളാണ് ഗോയലിനെ ട്വിറ്ററടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ വരവേൽക്കുന്നത്. ഗുരുത്വാകർഷണബലത്തിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ തലച്ചോറിന്റെയുടമ ഐസക് ന്യൂട്ടനും ട്രെൻഡിംഗിലെത്തുകയും ചെയ്തു. അതേസമയം, തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന സ്ഥിരം രക്ഷപെടൽ പല്ലവിയുമായി ഗോയലും രംഗത്തെത്തി.