ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാൻ മാർഗനിർദ്ദേശങ്ങളുമായി
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്ന് കരകയറാൻ വർഷങ്ങൾ വേണ്ടിവന്നേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തലക്കെട്ട് സൃഷ്ടിക്കൽ ശീലം മാറ്റിവച്ച് പ്രതിസന്ധി നേരിടുന്നു എന്ന് അംഗീകരിക്കാൻ തയ്യാറാകണം. ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ആവശ്യം. സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കാതെ സർക്കാർ സമയം പാഴാക്കുകയാണ്. ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന യാഥാർത്ഥ്യം നിഷേധിച്ചിട്ട് കാര്യമില്ല. ഇപ്പോൾ തന്നെ വളരയധികം സമയം നഷ്ടപ്പെട്ട് കഴിഞ്ഞു. പൊടിക്കൈകൾ കൊണ്ടോ നോട്ട് നിരോധനം പോലുള്ള ഭീമാബദ്ധങ്ങൾ കൊണ്ടോ പ്രയോജനമില്ല. പുതിയ തലമുറ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കാനുമാണു സർക്കാർ ശ്രദ്ധിക്കേണ്ടത്- മൻമോഹൻ പറഞ്ഞു. ദൈനിക് ഭാസ്‌കറിനും ഹിന്ദു ബിസിനസ് ലൈനും നൽകിയ അഭിമുഖങ്ങളിലാണ് മൻമോഹന്റെ വെളിപ്പെടുത്തൽ.
ഇപ്പോഴത്തേതു മനുഷ്യനിർമിത പ്രതിസന്ധിയാണെന്നും നോട്ടുനിരോധനവും ജി.എസ്.ടിയും ആണ് നിലവിലെ അവസ്ഥയ്ക്കു കാരണമെന്നും സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ മൻമോഹൻ കുറ്റപ്പെടുത്തി. തുടർച്ചയായി രണ്ടു തവണ വലിയ ഭൂരിപക്ഷം നേടിയ സർക്കാരാണിത്. തന്റെ കാലത്ത് ഇങ്ങനെയായിരുന്നില്ല. എന്നിട്ടും 1991, 2008 വർഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധികൾ വിജയകരമായി മറികടക്കാനായെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉണർവുണ്ടാകാൻ അഞ്ച് നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
മൻമോഹന്റെ അഞ്ചിന നിർദ്ദേശങ്ങൾ
1. കുറഞ്ഞ കാലയളവിൽ വരുമാന നഷ്ടമുണ്ടാകുമെങ്കിലും ജി.എസ്.ടി യുക്തിസഹമായി പുനഃസംഘടിപ്പിക്കുക.
2. കാർഷിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ പുനരുദ്ധരിക്കുക. കോൺഗ്രസിന്റെ പ്രകടനപത്രികയിൽനിന്നു വേണമെങ്കിൽ സർക്കാരിന് ഇതിനുള്ള സൂചന കണ്ടെത്താം.
3. പണലഭ്യത കുറയുന്നുവെന്ന യാഥാർത്ഥ്യം നേരിടണം. പൊതുമേഖലാ ബാങ്കുകൾ മാത്രമല്ല മറ്റു ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നു.
4. വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കാൻ ശേഷിയുള്ള ടെക്‌സ്റ്റൈൽ, വാഹനം, ഇലക്‌ട്രോണിക്‌സ്, നിർമാണ മേഖല തുടങ്ങിയവ പുനരുജ്ജീവിപ്പിക്കുക. ഈ മേഖലകളിൽ കൂടുതൽ വായ്പ ലഭ്യമാക്കണം.
5. യു.എസും ചൈനയും തമ്മിൽ വ്യാപാര യുദ്ധം നടക്കുന്നതിനാൽ പുതിയ വിപണികൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കണം.