ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്‌രംഗം മെച്ചപ്പെടുന്നുവെന്ന സൂചന നൽകി ആഗസ്‌റ്റിൽ ഇന്ധന ഉപഭോഗം 2.8 ശതമാനം വർദ്ധിച്ചു. മൊത്തം 17.04 മില്യൺ ടൺ ഇന്ധനമാണ് കഴിഞ്ഞമാസം ഇന്ത്യക്കാർ വാങ്ങിയതെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) വ്യക്തമാക്കി.
പെട്രോൾ (ഗാസോലിൻ) വില്‌പന വർദ്ധന 8.9 ശതമാനമാണ്. 2.57 മില്യൺ ടൺ പെട്രോൾ ആഗസ്‌റ്റിൽ വിറ്റഴിഞ്ഞു. പാചക വാതകം (എൽ.പി.ജി) വിതരണം 13 ശതമാനം വർദ്ധിച്ച് 2.40 മില്യൺ ടണ്ണിലെത്തി. നാഫ്‌ത വില്‌പന 3.7 ശതമാനം ഉയർന്ന് 1.15 മില്യൺ ടണ്ണിലുമെത്തി. റോഡ് നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന ബിറ്റുമെൻ വില്‌പന വളർച്ച 23.8 ശതമാനമാണ്. അതേസമയം, ഫ്യുവൽ ഓയിൽ വില്‌പന 15.9 ശതമാനം കുറഞ്ഞു.
നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ധന ഉപഭോഗം കുത്തനെ ഇടിഞ്ഞിരുന്നു. സമ്പദ്‌വളർച്ച (ജി.ഡി.പി) നിർണയിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ് ഇന്ധന ഉപഭോഗം. ജൂണിൽ എൽ.പി.ജി ഏഴ് ശതമാനം, നാഫ്‌ത 0.76 ശതമാനം, മണ്ണെണ്ണ 17 ശതമാനം, ബിറ്റുമെൻ 11 ശതമാനം എന്നിങ്ങനെ ഇടിഞ്ഞിരുന്നു. ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച അ‌്ചു ശതമാനത്തിലേക്ക് കുറയുകയും ചെയ്‌തു. അതേസമയം, ജൂലായിൽ ഇന്ധന ഉപഭോഗം 3.3 ശതമാനം വളർന്നു.