ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിന്റെ നൂറുദിവസത്തെ ഭരണനേട്ടങ്ങൾ ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്റി നരേന്ദ്ര മോദി. വരും വർഷങ്ങളിൽ ഇതിന്റെ പൂർണരൂപം രാജ്യത്ത് ദൃശ്യമാകുമെന്നും മോദി പറഞ്ഞു. ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ വാക്ക് കടമെടുത്തായിരുന്നു മോദിയുടെ പ്രസ്താവന. എൻ.ഡി.എ സർക്കാരിന്റെ ആദ്യ 100 നൂറുദിവസത്തെ ഭരണം ഒരു ട്രെയിലർ മാത്റമാണ്. പൂർണ ചിത്രം വരാൻ പോകുന്നതേയുളളൂവെന്നും മോദി പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് ശക്തവും പ്രവർത്തന മികവുളളതുമായ സർക്കാർ രൂപീകരിക്കുമെന്ന് താൻ വാഗ്ദാനം നൽകിയിരുന്നു. മുൻ സർക്കാരിനെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ പ്രയത്നിക്കുകയും ചെയ്യുന്ന സർക്കാരായിരിക്കും ഇതെന്നും മോദി പറഞ്ഞു.
സമ്പൂർണ വികസനം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ കൊളളയടിക്കുന്നവരെ ശിക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു. വികസനമാണ് മുഖ്യ വാഗ്ദാനം. ഇതിന് മുൻപ് രാജ്യം ഇത്രയും വേഗതയിലുളള വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. അതേസമയം അഴിമതിക്ക് ഒരു വീട്ടുവീഴ്ചയും ഉണ്ടായിരിക്കുന്നതല്ല. ജനങ്ങളുടെ പണം കൊളളയടിക്കുന്നവരെ അവരുടെ സമക്ഷം കൊണ്ടുവരുമെന്നും മോദി പറഞ്ഞു.