ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ. ചന്ദ്രബാബു നായിഡുവും മകൻ നരാ ലോകേഷും അടുത്ത 24 മണിക്കൂർ കൂടി വീട്ടുതടങ്കലിൽ തുടരുമെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പോലീസ് ഇന്നലെ നോട്ടീസ് പതിച്ചിരുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ ടി.ഡി.പി ആസൂത്രണം ചെയ്ത വൻ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു അടക്കമുള്ള ടി.ഡി.പി. നേതാക്കളെ പൊലീസ് ബുധനാഴ്ച വീട്ടുതടങ്കലിലാക്കിയത്. നായിഡുവിന്റെ വസതിയിലെത്തിയ പൊലീസ് സംഘം നായിഡുവിനെയും മകനെയും ഉള്ളിലാക്കി പ്രധാന ഗേറ്റ് ഒഴികെ വീട്ടിലേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചുപൂട്ടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോസ്ഥരടക്കം വൻ പൊലീസ് സംഘമാണ് നായിഡുവിന്റെ വസതിക്ക് മുന്നിൽ ക്യാമ്പ് ചെയ്യുന്നത്.
നായിഡുവിന് പുറമേ മറ്റ് ടി.ഡി.പി നേതാക്കളെയും പൊലീസ് കഴിഞ്ഞദിവസം വീട്ടുതടങ്കലിലാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വിജയവാഡ എം.പി. കെസിനേനി ശ്രീനിവാസ്, രാജ്യസഭാംഗം കെ.രവീന്ദ്രകുമാർ, കെ.അച്ചനായിഡു തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ മന്ത്രി ഭൂമ അഖിലയെയും പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.