ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ചയുടെ ട്രെൻഡ് നിർണയിക്കുന്ന മുഖ്യഘടകമായ വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി) ജൂലായിൽ 4.3 ശതമാനത്തിലേക്ക് കുറഞ്ഞു. 2018 ജൂലായിൽ ഐ.ഐ.പി വളർച്ച 6.5 ശതമാനമായിരുന്നു. ഈവർഷം ജൂണിൽ 1.2 ശതമാനവും മേയിൽ 4.6 ശതമാനവും വളർച്ചയാണ് വ്യാവസായ മേഖല കുറിച്ചത്.
മാനുഫാക്‌ചറിംഗ് മേഖലയുടെ തളർച്ചയാണ് ജൂലായിൽ പ്രധാന തിരിച്ചടിയായത്. 2018 ജൂലായിലെ ഏഴു ശതമാനത്തിൽ നിന്ന് മാനുഫാക്‌ചറിംഗ് വളർച്ച 4.2 ശതമാനത്തിലേക്ക് ഇടിഞ്ഞു. കാപ്പിറ്റൽ ഗുഡ്‌സ് വളർച്ച 2.3 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 7.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അടിസ്ഥാന സൗകര്യ മേഖലയിലെ നിർമ്മാണ പ്രവർത്തന വളർച്ച 9.2 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്കും കുറഞ്ഞു. 14 ശതമാനത്തിൽ നിന്ന് കൺസ്യൂമർ ഡ്യൂറബിൾസ് വളർച്ച 2.7 ശതമാനത്തിലേക്ക് തളർന്നു.
അതേസമയം, ഖനന വളർച്ച 3.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനത്തിലേക്കും കൺസ്യൂമർ നോൺ-ഡ്യൂറബിൾസ് വളർച്ച 5.3 ശതമാനത്തിൽ നിന്ന് 8.3 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. ഐ.ഐ.പിയിൽ മുഖ്യ പങ്കുവഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച ഏപ്രിൽ-ജൂണിൽ 0.6 ശതമാനമായിരുന്നു. 2018 ഏപ്രിൽ-ജൂണിൽ വളർച്ച 12.1 ശതമാനമായിരുന്നു.
വിലക്കയറ്രം മുന്നോട്ട്
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ആഗസ്‌റ്റിൽ പത്തുമാസത്തെ ഉയരമായ 3.21 ശതമാനത്തിലെത്തി. ജൂലായിൽ ഇത് 3.15 ശതമാനമായിരുന്നു. റീട്ടെയിൽ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ 'നിയന്ത്രണ രേഖ"യായ നാല് ശതമാനത്തിന് താഴെ തന്നെ ആയതിനാൽ അടുത്ത ധനനയ നിർണയ യോഗത്തിലും റിസർവ് ബാങ്ക് പലിശനിരക്ക് താഴ്‌ത്തിയേക്കും.