modi-

ഡൽഹി: എൻ.ഡി.എ സർക്കാരിന്റെ നൂറ് ദിവസത്തെ ഭരണത്തെ വർണിക്കാൻ ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ഡയലോഗ് കടമെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് തന്റെ ഭരണത്തിന്റെ വെറും ട്രെയിലർ മാത്രമാണെന്നും, മുഴുവൻ ചിത്രം വരാൻ പോകുന്നതേ ഉള്ളെന്നുമായിരുന്നു മോദിയുടെ പരാമർശം. വരാനിരിക്കുന്ന വർഷങ്ങൾ തന്റെ ഭരണത്തിന്റെ മികവ് കാണുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വളർച്ചയെ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. രാജ്യമൊരിക്കലും ഇത്ര വേഗത്തിലുള്ള വികസനം കണ്ടിട്ടില്ല. അഴിമതിയെ ഇല്ലാതാക്കാനുള്ള ശ്രമവും സർക്കാർ ആരംഭിച്ചെന്നും ജനങ്ങളെ കൊള്ളയടിക്കുന്നവർ നിയമത്തിന്റെ ചൂടറിഞ്ഞെന്നും മോദി പറഞ്ഞു.

100 ദിവസം കൊണ്ട് സർക്കാർ എടുത്ത തീരുമാനങ്ങളെല്ലാം 130 കോടി ജനങ്ങളുടെ ശക്തി കൊണ്ട് നേടിയതാണെന്നും ദരിദ്രർക്കാണ് ബി.ജെ.പി മുഖ്യപരിഗണന നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

അതേസമയം രണ്ടാം മോദി സർക്കാർ100 ദിവസം കൊണ്ട് രാജ്യം തകർത്തെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. വാഹന വിപണി തകരുകയും, ജി.ഡി.പി സർവകാല താഴ്ച്ചയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് വിമർശനമുന്നയിച്ചത്. എന്നാൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് സർക്കാർ വാദിക്കുന്നത്.