ന്യൂഡൽഹി: സുപ്രീംകോടതി നമ്മുടെ കൂടെയുള്ളതിനാൽ അയോദ്ധ്യയിൽ തന്നെ രാമക്ഷേത്രം നിർമിക്കുമെന്ന’–-ഉത്തർപ്രദേശ്‌ മന്ത്രിയുടെ പ്രസ്‌താവനയ്ക്ക് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിമർശനം. യോഗിആദിത്യനാഥ്‌ മന്ത്രിസഭയിൽ അംഗമായ മുകുത്‌ബിഹാറി വർമ നടത്തിയ പ്രസ്‌താവന അപലപനീയമാണെന്ന്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻഗൊഗൊയ്‌ അദ്ധ്യക്ഷനായ ഭരണഘടനാബെഞ്ച്‌ നിരീക്ഷിച്ചു. ‘ഇത്തരം പ്രസ്‌താവനകൾ പ്രതിഷേധാർഹവും ഒരിക്കലും നടത്താൻ പാടില്ലാത്തതുമാണ്‌’–- ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു. അയോദ്ധ്യാഭൂമിത്തർക്കകേസിലെ വാദംകേൾക്കലിനിടെ സുന്നി വഖഫ്‌ബോർഡിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ്‌ ധവനാണ്‌ വിഷയം ഭരണഘടനാബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്‌. ‘അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നത്‌ നമ്മുടെ തീരുമാനമാണ്‌. സുപ്രീംകോടതിയും നമ്മുടേതാണ്‌. ഈ രാജ്യവും അവിടുത്തെ നിയമസംവിധാനവും ക്ഷേത്രവും നമ്മുടേതാണ്‌’–-എന്നായിരുന്നു മുകുത്‌ ബിഹാറി വർമയുടെ പ്രസ്‌താവന. മന്ത്രിമാർ പോലും ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ അയോദ്ധ്യാവിഷയത്തിൽ നിർഭയമായി വാദങ്ങൾ അവതരിപ്പിക്കുമെന്ന്‌ രാജീവ്‌ധവാൻ ചോദിച്ചു. ഇത്തരം പ്രസ്‌താവനകളെ കോടതി ഗൗരവമായി കാണുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ പ്രതികരിച്ചു. അയോദ്ധ്യാഭൂമിത്തർക്കകേസിൽ ഇരുകക്ഷികൾക്കും വാദങ്ങൾ പൂർണമായും അവതരിപ്പിക്കാനുള്ള അവസരം ഭരണഘടനാബെഞ്ച്‌ നൽകും. വിഷയത്തിൽ കോടതിയുടെ നിരീക്ഷണങ്ങൾ വിധിന്യായത്തിൽ കൃത്യമായി രേഖപ്പെടുത്തുമെന്നും ചീഫ്‌ജസ്‌റ്റിസ്‌ കൂട്ടിച്ചേർത്തു. അതേസമയം, അയോദ്ധ്യാകേസിൽ സുന്നിവഖഫ്‌ബോർഡ്‌ ഉൾപ്പടെ മുസ്ലീംകക്ഷികൾക്ക്‌ വേണ്ടി ഹാജരാകുന്ന തനിക്കും തന്റെ ജീവനക്കാർക്കും എതിരെ ഭീഷണികൾ തുടരുകയാണെന്നും ധവാൻ കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം തനിക്ക്‌ ഫേസ്‌ബുക്കിൽ ഭീഷണിസന്ദേശം ലഭിച്ചു. തന്റെ ഗുമസ്‌തനെ കോടതിവളപ്പിൽ ചിലർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ധവാൻ പരാതിപ്പെട്ടു. നേരത്തെ ധവാനെ ഭീഷണിപ്പെടുത്തി കത്തയച്ച തമിഴ്‌നാട്‌ സ്വദേശിക്ക്‌ എതിരെ കോടതി നോട്ടീസ്‌ അയച്ചിരുന്നു