കൊച്ചി: ഓട്ടിസത്തെക്കുറിച്ച് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ നടത്തിയ പരാമർശം വിവാദത്തിൽ. സ്ത്രി പൂർണ സന്തോഷമില്ലാതെയോ സ്വാതന്ത്റ്യബോധമില്ലാതെയോ ഏർപ്പെടുന്ന രതിയിലൂടെയാണ് ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് എന്ന അർത്ഥത്തിൽ ഒരുചാനൽ പരിപാടിയിൽ സുഭാഷ് ചന്ദ്രൻ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്. ഓട്ടിസത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതും സ്ത്രീവിരുദ്ധവുമാണ് സുഭാഷ് ചന്ദ്രന്റെ പരമാർശമെന്നാണ് വിമർശനം.
സമുദ്റശില എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ചാനലിലെ പരിപാടി. സ്ത്രീ അവളുടെ പൂർണ സന്തോഷത്തോടെയും സ്വാതന്ത്റ്യബോധത്തോടെയും പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരു മിടുക്കനായ പുത്രൻ തന്നെയാണ് ഉണ്ടാകേണ്ടത് എന്നായിരുന്നു സുഭാഷ് ചന്ദ്രൻ പരിപാടിയിൽ പറഞ്ഞത്.
''സമുദ്റശില' വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കലിൽ പോയി ഒരു രാത്രി ഒരു പൂർണചന്ദ്രനുള്ള രാത്രി പൗർണമി ചെലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ടപുരുഷനുമൊത്ത് സർവതന്ത്റസ്വാതന്ത്റ്യങ്ങളോടെയും അന്ന് വെള്ളിയാങ്കലിൽ പോയി രതിലീലയിൽ ഏർപ്പെട്ടു. അതാണ് വാസ്തവമെങ്കിൽ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കിൽ ഡൗൺ സിൻഡ്രം ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാൻ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മൾ പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂർണസന്തോഷത്തോടെയും സ്വാതന്ത്റ്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരു മിടുക്കനായ പുത്രൻ തന്നെയാണ് ഉണ്ടാകേണ്ടത്'
ഓട്ടിസത്തെക്കുറിച്ച് അബദ്ധജടിലമായ ധാരണകൾ പരത്തുന്നതാണ് സുഭാഷ് ചന്ദ്റന്റെ വാക്കുകളെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധരുെ ചൂണ്ടിക്കാട്ടുന്നു. സുഭാഷ് ചന്ദ്രനെ വിമർശിച്ച് ഡോ. നെൽസൺ ജോസഫ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:
കുറെ നാൾ മുൻപ് ഒരു വ്യാജവൈദ്യൻ പറഞ്ഞ ഒരു ആന മണ്ടത്തരമോർമിക്കുന്നു.
' ഒരു പുരുഷനും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് സ്ത്രീ കണ്ണടയ്ക്കുകയാണെങ്കിൽ ഉണ്ടാവുന്ന കുഞ്ഞ് അന്ധനായിരിക്കും ' എന്നായിരുന്നു അത്.
വീണ്ടുമോർക്കാൻ കാരണമെന്താന്നായിരിക്കും.
എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുതിയ നോവലിനെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ പറഞ്ഞുകേട്ട ഒരു വാചകമാണ്.
' അംബ അവളുടെ ഇഷ്ട പുരുഷനുമൊത്ത് സർവതന്ത്റ സ്വാതന്ത്റ്യങ്ങളോടെയും അന്ന് വെള്ളിയാങ്കല്ലിൽ പോയി രതിലീലയിലേർപ്പെട്ടു.
അതാണ് വാസ്തവമെങ്കിൽ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള , അല്ലെങ്കിൽ ഡൗൺ സിൻഡ്രമുള്ള കുട്ടിയായിട്ട് ജനിപ്പിക്കാൻ എനിക്ക് ആഗ്രഹമില്ല.
കാരണം അവിടെ നമ്മൾ പറയാൻ ഉദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂർണ സന്തോഷത്തോടെയും സ്വാതന്ത്റ്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരു മിടുക്കനായ പുത്രൻ തന്നെയാണുണ്ടാവേണ്ടത് '
പറയാൻ ഉദ്ദേശിച്ചതെന്താന്ന് സത്യത്തിൽ മനസിലായില്ല..എന്തായാലും ശരി.
ഓട്ടിസം എന്ന അവസ്ഥയിലൂടി കടന്നുപോവുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ നമുക്കറിയാം.
അവിടേക്കാണ് പൂർണ സന്തോഷമില്ലാതെയോ അല്ലെങ്കിൽ ഇഷ്ടമില്ലാതെ ബന്ധപ്പെട്ടതുകൊണ്ടാണ് കുഞ്ഞുണ്ടായപ്പൊ ഓട്ടിസമുണ്ടായത് എന്ന തിയറിയുമായി...
ഒരു കുഞ്ഞിനെ മിടുക്കനെന്നോ മിടുക്കില്ലാത്തവനെന്നോ മുദ്റകുത്താനുള്ള സ്‌കെയിൽ എന്താണെന്ന് സത്യത്തിൽ അറിയില്ല. ഓരോ രീതിയിൽ കഴിവുറ്റവരാണവർ.
കൃത്യമായി, സ്ഥിരമായി വിദഗ്ധരുടെ സഹായത്തോടെ നൽകുന്ന പരിശീലനം, ഒപ്പം സമൂഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ എന്നിവയാണ് അവർക്കാവശ്യം...
രണ്ടാമത് സ്ത്രീവിരുദ്ധത... സമൂഹത്തിന്റെ സ്‌കെയിൽ വച്ച് അളക്കുമ്പൊ കുറവുകളുണ്ടെന്ന് പൊതുജനം പറയുന്ന കുഞ്ഞുങ്ങളുടെയെല്ലാം പ്രശ്നങ്ങൾക്ക് കാരണം സ്ത്രീകളാണെന്ന ആ ഒരു പറച്ചിലുണ്ടല്ലോ...അത്..
മനുഷ്യത്വരഹിതമെന്നതിലപ്പുറം ഒരു വിശേഷണവും പറയാൻ തോന്നുന്നില്ല.ഏതുതരം സാഹിത്യകാരനാണെങ്കിലും ശരി സമൂഹത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പൊ കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം