
ഫോസിൽ എന്നാൽ എന്താണ്?
ഒരുപാട് വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന സസ്യജന്തുജാലങ്ങളുടെ അവശിഷ്ടങ്ങളെയാണ് ഫോസിലുകൾ എന്ന് വിളിക്കുന്നത്. പതിനായിരം വർഷത്തിൽ കുറയാതെ പഴക്കം ഫോസിലുകൾക്കുണ്ടാവണം.
ഫോസിൽ രൂപപ്പെടുന്നതെങ്ങനെ?
ഒരു ജീവി മണ്ണടിഞ്ഞു കഴിഞ്ഞാൽ അതിന്റെ ശരീരം ജീർണിക്കാൻ തുടങ്ങും എന്നറിയാമല്ലോ. മാംസളമായ ശരീരഭാഗങ്ങൾ നശിച്ചാലും, എല്ല്, പുറന്തോട്, പല്ല് എന്നീ ഭാഗങ്ങൾ നശിക്കാതെ വർഷങ്ങളോളം നിലനില്ക്കും. സസ്യങ്ങളുടെ കാര്യത്തിലാണെങ്കിൽ കട്ടിയുള്ള ഭാഗങ്ങൾ, മഴ, കാറ്റ്, മറ്റ് ജന്തുക്കൾ എന്നിങ്ങനെയുള്ള പല പ്രതിഭാസങ്ങൾ മൂലം ഈ അവശിഷ്ടങ്ങൾ ചിതറിപ്പോകും. ഇത് ക്രമേണ മണ്ണിനടിയിൽ സുരക്ഷിതമായി സംരക്ഷിക്കപ്പെടും. ഭൂമിക്കടിയിൽ മണ്ണിന്റെ അടരുകൾക്കുള്ളിൽ ഭദ്രമായി സൂക്ഷിക്കപ്പെടുന്ന ഇവ ഫോസിലുകളായി മാറുന്നു. രാസപരമായ വ്യത്യാസം ഇവയ്ക്ക് കൈവരും. അതായത് ചില ഭാഗങ്ങൾ ക്ഷയിക്കുകയില്ല.
എറിയോപ്സ്
30 കോടി വർഷം മുൻപ് ജീവിച്ചിരുന്നു എന്ന് കണക്കാക്കുന്ന ജീവി. കരയിൽ നിന്നും കടലിൽ നിന്നും ഇവ ഭക്ഷണം കഴിച്ചിരുന്നു. അതായത് ഉഭയജീവി എന്നർത്ഥം.
പാലിയന്റോളജി
ഫോസിലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ. ഫോസിൽ എന്നത് ഒരു ലാറ്റിൻ വാക്കാണ്. ഇതിന്റെ അർത്ഥം കുഴിക്കുക. ഫോസിലുകളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും നിഗമനങ്ങളിലെത്തുന്നതിനും പാലിയന്റോളജി സഹായകമാണ്. പരിണാമ ശാസ്ത്രത്തെക്കുറിച്ച് പഠിക്കാൻ നമുക്ക് സഹായകമായത് ഫോസിലുകളാണ്. ഫോസിലിന്റെ ഒരു ഭാഗം കിട്ടിയാൽ തന്നെ ആ ജീവി എങ്ങനെയിരിക്കും എന്ന് ഊഹിക്കാം. ഉദാഹരണമായി പല്ലാണ് കിട്ടിയതെങ്കിൽ ജീവി സസ്യഭുക്കാണോ, മാംസഭുക്കാണോ എന്നൊക്കെ തിരിച്ചറിയാം.
ജോർജ് കവിയർ
ഫോസിലുകളെക്കുറിച്ച് പഠിച്ച് പ്രധാന നിഗമനങ്ങൾ തന്ന ശാസ്ത്രജ്ഞൻ. പാലിയന്റോളജിയുടെ സ്ഥാപക പിതാവെന്ന് വിശേഷിപ്പിക്കുന്നത് ഇദ്ദേഹത്തെയാണ്.
ആർക്കിയോടെറിക്സ്
ഉരഗങ്ങൾക്കും പക്ഷികൾക്കുമിടയിലെ കണ്ണിയായി കണക്കാക്കപ്പെടുന്ന ജീവി. 1861ൽ ജർമ്മനിയിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്.
പരിണാമ വാദത്തെ സംബന്ധിച്ച നിരവധി തെളിവുകൾ നൽകാൻ ഇതിനായി. കടുത്ത പല്ലുകൾ, നഖങ്ങളോടു കൂടിയ മുൻകാല വിരലുകൾ, നീണ്ട വാൽ എന്നിവ ഉള്ളതിനാൽ ഇതിന് ദിനോസറുകളോട് സാമ്യമുണ്ടായിരുന്നു.
ചെറിയ ശരീരവും പറക്കാനുള്ള കഴിവും ഇതിനെ പക്ഷികളോട് സാമ്യമുള്ളതാക്കി.
ആഡ്രിയോ സോറസ്
ഏറ്റവും പഴക്കമുള്ള പല്ലി ഫോസിലാണിത്. 25 കോടി വർഷം മുമ്പുള്ള കാലഘട്ടത്തിൽ ജീവിച്ച പല്ലിയാണിത്.
നട്ടെല്ലില്ലെങ്കിലും
നട്ടെല്ലില്ലാത്ത ജീവികളാണ് ഭൂമിയിൽ കൂടുതലായുള്ളത്. ഇത്തരം ജീവികളുടെ കട്ടിയുള്ള പുറംതോടുകളായിരിക്കും ഫോസിലുകളായി പരിണമിക്കുക. ചെളി, മണൽ, കളിമണ്ണ് എന്നിവ അടിഞ്ഞു ചേർന്ന് പാറരൂപത്തിലാവുന്ന സെഡിമെന്ററി പാറകൾക്കുള്ളിലാണ് ഇവയുടെ ഫോസിലുകൾ കാണപ്പെടുക. ഈ നിക്ഷേപങ്ങൾക്കിടയിൽ പെട്ടുപോകുന്ന ജീവികൾ കാലക്രമേണ ഫോസിലുകളായി മാറുന്നു.
ഫോസിൽ കണ്ടെത്തിയാൽ ഉടൻ തന്നെ എല്ലാം മനസ്സിലായി എന്ന് പറയാനാവില്ല. ഫോസിലുകൾ കണ്ടെത്തുന്നതും മനസ്സിലാക്കുന്നതും എളുപ്പമുള്ള കാര്യവുമല്ല.
ഫോസിൽ കണ്ടെത്തിയാൽ
ഫോസിൽ കണ്ടെത്തിയാൽ ആദ്യമായി ചെയ്യേണ്ടത് കേടുകൂടാതെ അത് ശേഖരിക്കുകയാണ്. വർഷങ്ങളോളം ഭൂമിക്കടിയിൽ കിടന്നതിനാൽ മണ്ണും ചെളിയുമൊക്കെയായി കൂടിക്കുഴഞ്ഞ രൂപത്തിലായിരിക്കും ഫോസിൽ കാണപ്പെടുക. വെള്ളം, സോപ്പ് എന്നിവയുപയോഗിച്ച് അതിനെ വൃത്തിയാക്കണം.
ഫോസിലുകൾ വൃത്തിയാക്കാൻ ചില ചെറിയ ഉപകരണങ്ങളുണ്ട്.
ഇനി ചെയ്യുന്നത് ശാസ്ത്രീയമായി ഫോസിലുകളെ വർഗീകരിക്കുകയാണ്. കാർബൺ -14 ഐസോടോപ്പ്, ആക്സലേറ്റർ, മാസ് സ്പെക്ട്രോമെട്രി തുടങ്ങിയ രീതികളുപയോഗിച്ച് ഫോസിലുകളെ വർഗീകരിക്കാം. ത്രിമാന - എക്സ് ഉപയോഗിച്ച് ഫോസിലുകളുടെ അകം കാണാവുന്ന രീതി ഇന്ന് നിലവിലുണ്ട്.
മത്സ്യങ്ങൾക്ക് മുമ്പ്
ഇന്നത്തെ മത്സ്യങ്ങൾ ഭൂമിയിലുണ്ടാകുന്നതിനു മുമ്പ് ഡെമോണിയൻ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആംഫിഷ്, ലങ്ഫിഷ്, സ്രാവുകൾ എന്നിവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. സ്രാവുകളുടെ നട്ടെല്ല് തരുണാസ്ഥിയിൽ നിർമ്മിതമായിരുന്നു. കടുപ്പമേറിയ പല്ലുകൾ, മുള്ളുകൾ എന്നിവ ഈ മത്സ്യങ്ങളുടെ ഫോസിലുകളിൽ ഉണ്ടായിരുന്നു. അഞ്ചുകോടിയോളം വർഷം ജീവിച്ച ഒരു സ്പാർനോഡസ് മത്സ്യത്തിന്റെ ഫോസിൽ ചുണ്ണാമ്പു കല്ലിനകത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഈ മത്സ്യങ്ങളുടെ പിൻഗാമികളാണ് പോർജി മത്സ്യം.
പക്ഷികളെക്കാൾ മുൻപ് പറന്നത്
പക്ഷികളെക്കാൾ മുൻപ് പറന്നത് പ്രാണികളാണ് എന്നാണ് ഫോസിൽ പഠനം തെളിയിക്കുന്നത്. ഏതാണ്ട് 30 കോടി വർഷം മുൻപ്. പിന്നെയും 10 കോടി വർഷം കഴിഞ്ഞാണ് പറക്കുന്ന നട്ടെല്ലുള്ള ജീവികളുണ്ടായത്. നട്ടെല്ലുള്ള ജീവികളിൽ ആദ്യം പറന്നത് ടെറോസർ വവ്വാലുകളായിരുന്നു. മുൻകാലുകൾക്കിടയിലെ പേശികളുപയോഗിച്ച് ദിനോസറുകൾ പക്ഷികൾക്ക് മുൻപേ പറന്നിരുന്നു.
വില്യംസ്മിത്ത് (1769-1839)
ഫോസിൽ കാണപ്പെടുന്ന പാറകളുടെ ഘടന, പ്രായം എന്നിവയെക്കുറിച്ചൊക്കെ പഠിച്ച വില്യം സ്മിത്ത് എൻജിനിയറും സർവേയറുമായിരുന്നു. പാറകളുടെ പല അടരുകൾ ഫോസിലുകളുമായി അന്ധപ്പെട്ടതാണെന്ന നിഗമനം ഇദ്ദേഹത്തിന്റെതാണ്. ഇംഗ്ളീഷ് ജിയോളജിയുടെ പിതാവായി അറിയപ്പെടുന്ന വില്യം സ്മിത്ത് ആണ് ഭൂവിജ്ഞാനീയ ഭൂപടങ്ങൾ ആദ്യമായി നിർമ്മിച്ചത്.
മരിച്ചിട്ടില്ല... മരിച്ചിട്ടില്ല
1938ൽ മത്സ്യശാസ്ത്രജ്ഞനായ സ്മിത്ത് ഒരു മത്സ്യത്തെ കണ്ടപ്പോൾ ആലോചിച്ചു ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ. കൂടുതൽ അന്വേഷിച്ചപ്പോൾ ആളെ പിടികിട്ടി. ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന സീലാകാന്ത് എന്ന മത്സ്യമാണിതെന്ന്.
ഇത്തരത്തിൽ പൂർവികരിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത ജീവികൾ ഇപ്പോഴുമുണ്ട്. പ്ളൂറോട്ടോമിയ എന്നയിനം ഒച്ചുകളാണ് ഇത്തരത്തിൽ കാണപ്പെട്ട മറ്റൊരു ജീവി.
ലിമുംസ് എന്ന കടൽജീവി 15 കോടി വർഷം മുൻപ് ജീവിച്ചിരുന്ന മെസോലിമുലസുമായി സാദൃശ്യമുള്ളതാണ്.
വീട്ടിൽ പാറ്റയെ കാണാറുണ്ടല്ലോ. പാറ്റ ഫോസിലാണെന്ന് എത്രപേർക്കറിയാം? 35 കോടി വർഷം മുൻപാണ് പാറ്റയുടെ പൂർവികർ ജീവിച്ചിരുന്നത്. കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു വ്യത്യാസവുമില്ലാത്ത ജീവിയാണ് പാറ്റ.