bhoapl-drowning

ഭോപ്പാൽ: ഖട്ട്ലാഘട്ടിൽ നടന്ന ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ 11 പേർ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചു. ബോട്ടിലുണ്ടായിരുന്നു 5 പേരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ നാലരയോടെയാണ് ഗണപതി വിഗ്രഹ നിമഞ്ജനത്തിനായി 16 പേരെയും വഹിച്ചുകൊണ്ട് പുറപ്പെട്ട ബോട്ട് നഗരമദ്ധ്യത്തിലെ തടാകത്തിൽ മുങ്ങിത്താണത്.

'ബോട്ടിലുണ്ടായിരുന്ന 16 പേരിൽ അഞ്ച് പേരെ ഞങ്ങൾക്ക് രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. 11 പേരുടെ മൃതദേഹങ്ങളും കണ്ടെടുക്കാൻ സാധിച്ചു. എന്നാൽ പ്രദേശവാസികൾ പറയുന്നത് അനുസരിച്ച് നിരവധി പേർ വെള്ളത്തിൽ പോയിട്ടുണ്ട്. അതിനാൽ തന്നെ തിരച്ചിൽ തുടരേണ്ട ആവശ്യമുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ സംഘവും ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്.' അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് അഖിൽ പട്ടേൽ പറയുന്നു.

പരിശീലനം ലഭിച്ച നീന്തൽക്കാർക്കും അധികൃതർക്കും ഒപ്പം 40 പൊലീസുകാരും സ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് മദ്ധ്യപ്രദേശ് മന്ത്രി പി.സി. ശർമ 4 ലക്ഷം രൂപ സഹായധനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ജില്ലാ കളക്ടർ വഴി നൽകുമെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.