പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,
വളരെ വേദനയോടെയാണ് മലയാളഭാഷയ്ക്കു വേണ്ടി മൂന്നുകൊല്ലത്തിനുശേഷം വീണ്ടും ഒരു തുറന്ന കത്ത് താങ്കൾക്ക് എഴുതുന്നത്.ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെയുള്ള ഭാഷാപ്രേമികൾ കേരള പി.എസ്.സി ക്കു മുൻപിൽ നടത്തിവരുന്ന നിരാഹാരസമരം താങ്കളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ നിയോഗിച്ച പി.എസ്.സി ചെയർമാനും അംഗങ്ങളും ഭരണഭാഷാകാര്യത്തിൽ സർക്കാരിന്റെ നയങ്ങൾക്കും നിലപാടുകൾക്കും എതിരായി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസം.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ അപൂർവം നിയമങ്ങളിലൊന്നാണ് 2015 ലെ മലയാളഭാഷ (വ്യാപനവും പരിപോഷണവും) നിയമം. നിരവധി സുപ്രധാന ബില്ലുകൾ പ്രതിപക്ഷത്തിന്റെ നിസഹകരണം മൂലം ചർച്ചയില്ലാതെ പാസാക്കിയപ്പോഴും ഭരണ-പ്രതിപക്ഷഭേദമെന്യെ പ്രസംഗിച്ച എല്ലാ അംഗങ്ങളും മനസ്സിരുത്തി പഠിച്ച്, ഭേദഗതികൾ നിർദേശിച്ച് പാതിരാത്രിയോളം ചർച്ചചെയ്ത് ആവേശത്തോടെ പാസാക്കിയ ആ നിയമം പുതിയ സർക്കാർ എങ്ങനെ നടപ്പാക്കാൻ പോകുന്നു എന്നു കാണാൻ കാത്തിരിക്കുകയായിരുന്നു എല്ലാ കേരളീയരും.
ഞാൻ ചെയർമാനായ ഔദ്യോഗിക ഭാഷാസമിതി കേരളത്തിലുടനീളവും അയൽ സംസ്ഥാനങ്ങളിലും നിരന്തരം സഞ്ചരിച്ച്നടത്തിയ കൂടിയാലോചനകളിലൂടെയും കൂലംകഷമായ പഠനത്തിലൂടെയും തയ്യാറാക്കി അവതരിപ്പിച്ച നാലു ഭാഗങ്ങളുള്ള സമഗ്രമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2015 ലെ ബിൽ തയ്യാറാക്കിയത്. ആ ബില്ല് നിയമമാവുമ്പോൾ സഭാദ്ധ്യക്ഷവേദിയിലിരുന്ന് ചർച്ച നിയന്ത്രിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അത്യധികമായ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. പ്രതിപക്ഷാംഗങ്ങളൂടെ സമ്പൂർണ പിന്തുണയോടെ ഐകകണ്ഠ്യേന പാസാക്കിയ ആ നിയമം നടപ്പാക്കുന്നതിനുള്ള ശ്രമം ആരംഭിക്കേണ്ടിയിരുന്നത് മന്ത്രികാര്യാലയങ്ങളിലും സെക്രട്ടേറിയറ്റിലും നിയമസഭയിലും നിന്നാണ്. ബില്ലിന്റെ ചർച്ചാവേളയിൽ താങ്കളുടെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം നിയമസഭയിൽ ചൂണ്ടിക്കാട്ടിയകാര്യം ഒന്നുകൂടി താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്.
മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സ്വാതന്ത്ര്യാനന്തരം നമ്മുടെ ഭരണഘടനാശില്പികൾ ഓരോ പ്രദേശത്തേയും മാതൃഭാഷയ്ക്ക് ഔദ്യോഗിക ഭാഷാപദവി നൽകുന്നതിനുള്ള വകുപ്പുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഭരണഘടനയുടെ 345-ാം വകുപ്പ് അനുസരിച്ച് ഒരു സംസ്ഥാനത്ത് നിയമം മുഖേന, ആ സംസ്ഥാനത്ത് ഉപയോഗത്തിലിരിക്കുന്ന ഒന്നോ അതിലധികമോ ഭാഷകൾ ഏതെങ്കിലും ഔദ്യോഗികാവശ്യത്തിനോ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കുമോ ഉപയോഗിക്കാൻ അധികാരം നൽകുന്നു. അതുപ്രകാരമാണ് നിയമനിർമാണത്തിന് ഇംഗ്ലീഷും മലയാളവും ഉപയോഗിക്കാൻ അധികാരം നൽകുന്ന 1969-ലെ ഔദ്യോഗിക ഭാഷാ (നിയമനിർമ്മാണം) നിയമം കേരളനിയമസഭ പാസാക്കിയത്. അതോടെ നിയമനിർമ്മാണത്തിന് മലയാളം ഉപയോഗിക്കുന്നതിലുള്ള സാങ്കേതിക തടസങ്ങൾ മാറി. ഭരണഭാഷയായി മലയാളമോ ഇംഗ്ലീഷോ ഉപയോഗിക്കാൻ അധികാരം നൽകി 1973-ൽ ചില ഭേദഗതികൾ വരുത്തിയെങ്കിലും ഇംഗ്ലീഷും ഉപയോഗിക്കാമെന്ന പഴുതുപയോഗിച്ച് പഴയ പതിവ് തുടർന്നു. ആ പഴുതടയ്ക്കാനാണ് മലയാളം മാത്രം ഭരണഭാഷയായി നിജപ്പെടുത്തിയുള്ള 2015 ലെ നിയമം പാസാക്കിയത്.
അതിനുമുൻപും ശേഷവും ഭരണത്തിൽ മലയാള ഭാഷാവ്യാപനത്തിനായി നിരവധി ഉത്തരവുകളും നടപടികളുമുണ്ടായിട്ടുണ്ട്. 1957-ലാണ് മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതു സംബന്ധിച്ച് പഠിക്കാൻ സർക്കാർ ആദ്യത്തെ കമ്മിറ്റി രൂപീകരിച്ചത്. കോമാട്ടിൽ അച്യുതമേനോൻ അദ്ധ്യക്ഷനായ സമിതി 1958-ൽ റിപ്പോർട്ട് സമർപ്പിച്ചു. പക്ഷേ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഒതുങ്ങി.
കോടതിവിധികൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാമെന്ന് വ്യക്തമാക്കി 1973 മേയ് 11-ന് സർക്കാർ അസാധാരണ ഗസറ്റിലൂടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1978 ജൂലായ് 4-ന് മറ്റൊരു ഉത്തരവിലൂടെ 1980-81 മുതൽ കോടതി ഭാഷ പൂർണമായും മലയാളത്തിലാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. അതും ഫലം കണ്ടില്ല. ജസ്റ്റിസ് കെ.കെ.നരേന്ദ്രൻ അദ്ധ്യക്ഷനായി സർക്കാർ ഒരു കമ്മിറ്റി രൂപവത്കരിച്ചു. രണ്ടുകൊല്ലം കൊണ്ട് കോടതി നടപടികളും വിധിന്യായങ്ങളും മലയാളത്തിലാക്കണമെന്നാണ് നരേന്ദ്രൻ കമ്മിറ്റി ശുപാർശ ചെയ്തത്. അതിനുള്ള കാരണവും ആ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
1968-ൽ രൂപീകൃതമായ ഔദ്യോഗിക ഭാഷാ കമ്മിഷന്റെ സേവനവും സ്മരണീയമാണ്. എം. പ്രഭ ആദ്യ ചെയർമാനായിരുന്ന ആ സമിതി ഇന്ത്യൻ ഭരണഘടനയും നൂറ്റിയൻപതോളം കേന്ദ്രനിയമങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. പക്ഷേ അവ ക്രമേണ അവഗണിക്കപ്പെട്ടു.
മുഖ്യമന്ത്രിമാരായ സി. അച്യുതമേനോനും കെ.കരുണാകരനും എ. കെ. ആന്റണിയും മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിൽ ജാഗ്രത പുലർത്തി. ഭരണത്തിന്റെ എല്ലാ തലങ്ങളിലും മലയാളം വ്യാപിപ്പിക്കാൻ എ.കെ. ആന്റണി നടപടി സ്വീകരിച്ചു. അതിനായി ഒരു പഞ്ചവത്സര പദ്ധതിക്കുതന്നെ അദ്ദേഹം രൂപം നൽകി. സർക്കാരിന്റെ ഒന്നാം ഭാഷ മലയാളമാണെന്ന തോന്നലുണ്ടാക്കാൻ എ.കെ. ആന്റണിയുടെ 19 മാസക്കാലത്തെ ഭരണത്തിന് കഴിഞ്ഞു എന്ന് അക്കാലത്ത് സർക്കാർ വകുപ്പുതലവനായിരുന്ന ടി.എൻ. ജയചന്ദ്രൻ എഴുതിയത് ഞാൻ ഓർക്കുന്നു.
അമ്പതുദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയയും വനം മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പുവും മലയാളം ഭരണഭാഷയാക്കുന്നതിൽ താത്പര്യമെടുത്തു.
പലരുടേയും ധാരണ ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണെന്നാണ്. അതുശരിയല്ല. അക്കാര്യത്തിൽ ഒന്നാമത് ചൈനീസ് ഭാഷയാണ്. രണ്ടാമത് സ്പാനിഷ്. മൂന്നാമത് ഹിന്ദി. നാലാമതാണ് ഇംഗ്ലീഷ്. മാതൃഭാഷ എന്നനിലയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ആദ്യത്തെ 35 ഭാഷകളിൽ ഒന്നാണ് മലയാളം. 26-ാം സ്ഥാനമാണ് മലയാളത്തിന്. എന്നിട്ടും ഭാഷ നിത്യജീവിതത്തിൽ,ഔദ്യോഗിക കാര്യങ്ങളിൽ ഉപയോഗിക്കാൻ അപകർഷബോധം നമ്മെ അനുവദിക്കുന്നില്ല എന്നത് എത്ര പരിതാപകരമാണ്!
മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ട ശേഷവും ഭരണതലത്തിൽ ഏറിയ പങ്കും ഔദ്യോഗിക ഭാഷ ആംഗലേയമായി തുടരുന്നതിന്റെ പ്രധാനകാരണം അന്വേഷിച്ചു ചെല്ലുമ്പോൾ ഒരു ജനതതി എന്ന നിലയിൽ സ്വന്തം ഭാഷയോടും സംസ്കൃതിയോടും മമതയില്ലാത്ത ഒരു ജനവിഭാഗമായി നമ്മിൽ ഏറെപ്പേരും മാറിയിരിക്കുന്നു എന്ന അത്യന്തം ഖേദകരമായ വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പി.എസ്.സി യുടെ നിലപാടിലും അതാണ് പ്രതിഫലിക്കുന്നത്. അതിനെതിരെ ഭാഷാസ്നേഹികളും സാംസ്കാരിക നായകരും നടത്തിവരുന്ന സമരത്തിന് ഞങ്ങളുടെ പൂർണപിന്തുണയുണ്ട്. മറ്റുസമരങ്ങളെപ്പോലെ അത് കണ്ടില്ലെന്ന് നടിക്കരുത്.
( ലേഖകൻ മുൻ ഡെപ്യൂട്ടി സ്പീക്കറും കേരള നിയമസഭ ഔദ്യോഗിക ഭാഷാസമിതിയുടെ
മുൻ ചെയർമാനുമാണ്)