tesla-ambani

ലോകത്തിലെ ഏറ്റവും വിലകൂടിയതും ആഡംബരം നിറഞ്ഞതുമായ നിരവധി വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ളയാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി. ആഡംബര വാഹന വിപണിയിലെ പുതിയ താരങ്ങളായ റോയ്സ് റോയ്‌സ് കള്ളിനൻ, ലംബോർഗിനി ഊറൂസ്, ബെന്റ്ലി ബെന്റായ്‌ഗ തുടങ്ങി നിരവധി വാഹനങ്ങൾ അംബാനിയുടെ ഗ്യാരേജിലുണ്ട്. എന്നാൽ അടുത്തിടെ അംബാനി ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ മോഡലായ എസ് 100 ഡിയാണ് ഈ വാഹനമെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് ഈ വാഹനം സ്വന്തമാക്കുന്ന ആദ്യത്തെയാളാണ് മുകേഷ് അംബാനി.

നിർമീത് പട്ടേൽ എന്നയാളാണ് മുംബയിൽ വച്ച് അംബാനിയുടെ പേരിലുള്ള ടെസ്‌ല 100 ഡിയെ കണ്ടെത്തുന്നത്. ചിത്രങ്ങൾ വൈറലായതോടെ വാഹനത്തിന്റെ ഉടമയെത്തേടി വാഹനപ്രേമികൾ ഓൺലൈനിൽ സെർച്ച് ചെയ്‌തതോടെയാണ് സംഭവത്തിൽ ട്വിസ്റ്റുണ്ടാകുന്നത്. വാഹനത്തിന്റെ രണ്ടാമത്തെ ഉടമയാണ് മുകേഷ് അംബാനി. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‌ത വാഹനം ഇറക്കുമതി ചെയ്‌ത കമ്പനിയുടെ പേരിലാണ് ആദ്യം രജിസ്റ്റർ ചെയ്‌തത്. പിന്നീട് വാഹനം ഇന്ത്യയിലെത്തിയതിന് ശേഷമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ പേരിലേക്ക് മാറ്റിയത്. ഇതോടെ അംബാനിയുടെ പുതുപുത്തൻ വാഹനം സെക്കൻഡ് ഹാൻഡ് ആയി മാറിയെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

ടെസ്‌ല മോട്ടോർസ് പുറത്തിറക്കുന്ന കരുത്തുറ്റ ഇലക്ട്രിക് വാഹനമാണ് എസ് 100 ഡി. കരുത്തനായ ഇലക്ട്രിക് മോട്ടോർ 423 പി.സ് കരുത്തും 660 എൻ.എം ടോർക്കും നൽകും. പൂജ്യത്തിൽ നിന്നും നൂറിലേക്ക് എത്താൻ വെറും 4.3 സെക്കൻഡുകൾ മതി. ഒറ്റച്ചാർജിൽ 493 കിലോ മീറ്റർ ദൂരം ഓടുന്ന വാഹനത്തിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും കഴിയും. 42 മിനിട്ടിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള 100 കിലോവാട്ടിന്റെ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കയിൽ 99,990 ഡോളർ (ഏതാണ്ട് 73 ലക്ഷം രൂപ) ആണ് വാഹനത്തിന് വില. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ നികുതി ചേർത്ത് ഏതാണ്ട് ഒന്നരകോടിയോളം വരും വാഹനത്തിന്റെ വില.