pakistan

ജനീവ:​ ജമ്മുകാശ്മീരിൽ നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ അപ്രതീക്ഷിത യുദ്ധം തള്ളിക്കളയാനാകില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയിൽ നടക്കുന്ന മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധമുണ്ടായാൽ അതിന്റെ അനന്തരഫലം എന്താണെന്ന് അറിയുന്നവരാണ് ഇരു രാജ്യങ്ങളുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ കാശ്മീരിൽ നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ അപ്രതീക്ഷിത യുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അന്വേഷണം വേണം. പാകിസ്ഥാന്റെയും ഇന്ത്യയുടേയും ഭാഗങ്ങൾ സന്ദർശിക്കണമെന്നാവശ്യപ്പെട്ട് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ കാശ്മീർ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുന്നതിലൂടെ യാഥാർത്ഥ്യം ലോകത്തിന് മനസിലാക്കാം'- ഷാ മഹ്മൂദ് പറഞ്ഞു.

അതേസമയം പാക് അധീന കാശ്മീരിനായി എന്തുചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും, കേന്ദ്രസർക്കാരിന്റെ തീരുമാനം എന്തുതന്നെയായാലും സൈന്യം സജ്ജമാണെന്നും പാകിസ്ഥാന് ശക്തമായ സന്ദേശം നൽകി കരസേന മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് പാർലമെന്റ് അനുമതി നൽകിയതു മുതൽ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായിയിരിക്കുകയാണ്.