വാഷിംഗ്ടൺ: ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന തകർച്ച പ്രതീക്ഷിച്ചതിനും അപ്പുറമാണെന്ന് പറഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ(ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) റിപ്പോർട്ട് പുറത്ത്. കോർപ്പറേറ്റ് മേഖലയിൽ ഉണ്ടായ തകർച്ചയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളുമാണ് ഇന്ത്യൻ സാമ്പത്തിക രംഗം തകരാൻ കാരണമായതെന്ന് നാണയ നിധി തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോർപ്പറേറ്റ് മേഖലയ്ക്ക് പുറമെ ബാങ്കുകൾ അല്ലാതെയുള്ള ധനകാര്യ സ്ഥാപനങ്ങളെയും ഈ തളർച്ച ബാധിച്ചിട്ടുണ്ടെന്ന് ഐ.എം.എഫ് പറയുന്നു.
ഏപ്രിൽ, ജൂൺ മാസങ്ങളിലെ രാജ്യത്തെ ജി.ഡി.പി വളർച്ച അഞ്ച് ശതമാനത്തിലേക്ക് എത്തിയിരുന്നുവെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എട്ട് ശതമാനം ജി.ഡി.പി വളർച്ച രാജ്യത്തുണ്ടായിരുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം 2019-20 വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ അനുമാനമായിരുന്ന ഏഴ് ശതമാനത്തിൽ നിന്നും 0.3 ശതമാനം ഐ.എം.എഫ് വെട്ടിക്കുറച്ചു. എന്നാൽ 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.2 ശതമാനം വളർച്ചകൈവരിക്കുമെന്ന് നാണയ നിധി പറയുന്നു. 2021ൽ 7.5ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. നിർമാണ മേഖലയിൽ ഉണ്ടായ തളർച്ചയും കാർഷിക വിഭവങ്ങളിൽ അനുഭവപ്പെടുന്ന ലഭ്യതക്കുറവുമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പ്രധാനകാരണമെന്ന് കേന്ദ്ര സർക്കാർ മുൻപ് വ്യക്തമാക്കിയിരുന്നു.