''സുരേഷേ... പ്ളീസ് ... നമുക്ക് ഹോസ്പിറ്റലിൽ പോകാം..."
ഹേമലത വീണ്ടും പറഞ്ഞു.
സുരേഷ് കിടാവ് മെല്ലെ തിരിഞ്ഞു.
''അങ്ങനെ ഒരു കമ്പ് കൊണ്ടാലൊന്നും മരിക്കുന്നവനല്ല ഞാൻ. ബുള്ളറ്റ് തുളഞ്ഞിറങ്ങിയാൽ പോലും ഞാൻ ഭയക്കത്തില്ല. പിന്നെയാ...."
അയാൾ ഐസ്‌ക്യൂബ് അല്പം കൂടി മുറിവിനുള്ളിലേക്കു തള്ളിവച്ചു. കുറച്ചു കട്ടച്ചോരയോടൊപ്പം വെള്ളവും പുറത്തേക്കുവന്നു.
സുരേഷ് മദ്യക്കുപ്പി വായിലേക്കു കമിഴ്‌ത്തി.
വെള്ളം ചേർക്കാതെ രണ്ടു കവിൾ അകത്താക്കി. പിന്നെ തുണികൊണ്ട് മുറിവ് ചുറ്റിക്കെട്ടി.
ശ്രീനിവാസ കിടാവിനെ വിളിച്ചാലോ എന്ന് ഹേമലത ചിന്തിച്ചു. എന്നാൽ തന്റെ ഭർത്താവിന് അത് ഇഷ്ടമാകില്ലെന്നു കരുതി വേണ്ടെന്നുവച്ചു.
''എന്റെ നേർക്ക് അമ്പെയ്തത് ആരാണെങ്കിലും ഞാനിന്നു കൊല്ലും."
കടപ്പല്ലുകൾ കടിച്ചു ഞെരിച്ചുകൊണ്ട് സുരേഷ് പുറത്തേക്കു പാഞ്ഞു.
അതിനിടെ മേശപ്പുറത്തിരുന്ന ടോർച്ചും എടുത്തു.
അയാളുടെ ഉദ്ദേശ്യം എന്തെന്നറിയാതെ ഹേമലതയും പിന്നാലെ ചെന്നു.
അമ്പ് കൊണ്ടപ്പോൾ നടുമുറ്റത്തേക്കു വീണ പിസ്റ്റൾ എടുക്കുവാനാണ് സുരേഷ് പോയത്.
പക്ഷേ...
എല്ലായിടവും പരിശോധിച്ചിട്ടും അയാൾക്ക് തന്റെ പിസ്റ്റൾ കണ്ടെത്താൻ കഴിഞ്ഞില്ല.
''ഛേ... അതെവിടെപ്പോയി?" സുരേഷ് പിറുപിറുത്തുകൊണ്ട് ചുറ്റും ടോർച്ചു തെളിച്ചു.
പിസ്റ്റൾ കണ്ടില്ല!
''ഭാനുമതീ...."
സുരേഷ് ശബ്ദമുയർത്തി വിളിച്ചു.
വരാന്തയുടെ അങ്ങേ കോണിൽ ഭയന്നു നിൽക്കുകയായിരുന്ന ഭാനുമതി ഓടിവന്നു.
''എന്താ സാറേ?"
''ഇവിടെ വീണ എന്റെ തോക്കെന്തിയേ ?"
''അയ്യോ ഞാൻ കണ്ടില്ല സാറേ..."
സുരേഷ് കിടാവ് സർവ്വാംഗം പുകഞ്ഞു.
ഒരു ഭ്രാന്തനെപ്പോലെ അയാൾ ടോർച്ചും തെളിച്ചുകൊണ്ട് കോവിലകത്ത് അങ്ങിങ്ങോടി...
ഒരിടത്തും പിസ്റ്റളും കണ്ടില്ല, ശത്രുവെന്നു കരുതുന്ന ആരെയും കണ്ടില്ല...
*** ***
മായാർ.
നേരം പുലർന്നു.
തലേ രാത്രി ഉറങ്ങിയിരുന്നില്ല ചന്ദ്രകലയും പ്രജീഷും.
ഇരുളിന്റെ മറവിൽ നിന്ന് ഒരു ബുള്ളറ്റ് ഏതുനിമിഷവും ചീറിപ്പാഞ്ഞു വന്നേക്കുമെന്ന ഭയമുണ്ടായിരുന്നു ഇരുവർക്കും.
എന്നാൽ ഒന്നും സംഭവിച്ചില്ല.
രാത്രി നടന്ന ആക്രമണത്തിന്റെ ബാക്കിപത്രമായി മുറിക്കുള്ളിൽ ചിതറിക്കിടന്നിരുന്നു ജനാലച്ചില്ല്.
പ്രജീഷ് പുറത്തിറങ്ങി. വീടിനെ വലം വച്ച് പിൻഭാഗത്ത് എത്തി.
അവിടെ ആരോ നിന്നിരുന്നതിന്റെ ചെരുപ്പടയാളം കണ്ടു.
പ്രജീഷിന്റെ നോട്ടം വെളുത്തുള്ളി പാടത്തിലൂടെ നിണ്ടുപോയി.
എന്തോ തീരുമാനിച്ചതുപോലെ അയാൾ മടങ്ങിയെത്തിയപ്പോൾ ചന്ദ്രകല തിരക്കി:
''ഇനി നമ്മളിവിടെ താമസിക്കണോ പ്രജീഷ്? മരണത്തെ ഭയപ്പെട്ടുകൊണ്ട്..."
പ്രജീഷിന്റെ മുഖത്ത് പക്ഷേ നിശ്ചയദാർഢ്യതയായിരുന്നു.
''നമ്മൾക്ക് ഒരു ശത്രുവുണ്ടെങ്കിൽ അവനെ കണ്ടെത്തുകതന്നെ വേണം. അല്ലെങ്കിൽ ഒരിക്കലും സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല."
അയാളുടെ മനസ്സിൽ എന്താണെന്ന് അവൾക്കു വ്യക്തമായില്ല. പ്രജീഷ് വ്യക്തമാക്കിയുമില്ല.
മുറിവേറ്റ മൃഗത്തെപ്പോലെ അയാൾ മുറിയിലൂടെ രണ്ടുമൂന്നു ചാൽ നടന്നു.
പിന്നെ സെൽഫോൺ എടുത്ത് വസ്തുബ്രോക്കർ മുനിയാണ്ടിയെയും വീട്ടുടമസ്ഥനെയും വിളിച്ചു.
അരമണിക്കൂറിനുള്ളിൽ രണ്ടുപേരും എത്തി.
പ്രജീഷ് കാര്യം ചുരുക്കിപ്പറഞ്ഞു.
ചിതറിക്കിടക്കുന്ന ജനാലച്ചില്ലുകൾ കണ്ടപ്പോൾ ഇരുവരും ഭയന്നു.
''സാർ..... അങ്ങനെയെങ്കിൽ വാങ്ങിയ പണം ഞാൻ തിരിച്ചുതരാം. നിങ്ങൾ മറ്റ് എവിടേക്കെങ്കിലും മാറുന്നതാകും നല്ലത്."
വീട്ടുടമ അറിയിച്ചു.
''നമുക്ക് പോലീസിൽ അറിയിക്കാം സാർ..." മുനിയാണ്ടിയും പറഞ്ഞു.
നിഷേധിക്കുന്ന ഭാവത്തിൽ പ്രജീഷ് തലയാട്ടി.
''ഒന്നും വേണ്ടാ. ഇവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് അറിയിക്കാൻ മാത്രമാണ് നിങ്ങളെ വിളിച്ചത്. പിന്നെ... മറ്റൊരിടത്തേക്കു മാറിയാലും ആ കൊലയാളി പിന്നാലെ വരില്ല എന്ന് ഉറപ്പില്ലല്ലോ..."
ഇരുവരും അതിനു മറുപടി നൽകിയില്ല.
അന്നുതന്നെ വീട്ടുടമ ജനാലച്ചില്ല് മാറ്റിയിടുവിച്ചു.
''ഞാനും കൂടി രാത്രിയിൽ ഇവിടെ നിൽക്കാം സാർ."
മുനിയാണ്ടി പറഞ്ഞു.
''വേണ്ടാ."
പ്രജീഷ് തടഞ്ഞു.
വീട്ടുടമയും മുനിയാണ്ടിയും മടങ്ങി. പ്രജീഷ് ഒരു കൂന്താലിയും മൺവെട്ടിയും എടുത്തുകൊണ്ട് പുറത്തിറങ്ങി.
ആ പരിസരത്തെങ്ങും ആരും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് അയാൾ പിന്നിൽ പുറത്തേക്കുള്ള വാതിലിനു മുന്നിലും ജനാലകൾക്കു താഴെയും കുഴികൾ തീർത്തു.
രണ്ടടി താഴ്ചയിലും ഒന്നരയടി വീതിയിലും നാലടിനീളത്തിലും ഉള്ള കുഴികൾ...
അതുകണ്ട് ചന്ദ്രകല പുരികം ചുളിച്ചു.
''എന്തിനാ പ്രജീഷേ ഇത്?"
''കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ?"
പ്രജീഷ് ക്രൂരമായി ഒന്നു ചിരിച്ചു.
(തുടരും)