ജീവിതത്തിൽ തേപ്പ് കിട്ടാത്തവർ ചുരുക്കമായിരിക്കും. ഹൃദയം കൊണ്ട് സ്നേഹിച്ചിട്ടും ഇട്ടേച്ചുപോയ കാമികിയ്ക്ക് അല്ലെങ്കിൽ കാമുകന് പണി കൊടുത്തവരോ അല്ലെങ്കിൽ കൊടുക്കാനാഗ്രഹിക്കുന്നവരോ ആണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അത്തരത്തിൽ തന്നെ തേച്ചിട്ട് പോയവളോട് "ആട്" എന്ന ചിത്രത്തിലെ ഷാജി പാപ്പൻ സ്റ്റൈലിൽ പകരം വീട്ടിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജയസൂര്യ.
"ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കിൽ വീട്ടിൽ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കിൽ സമ്പന്ന കുടുംബം. ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാൻ കണ്ടിട്ടില്ല. ഞാൻ സിനിമാ നടനൊക്കെയായി, വണ്ടികളൊക്കെയെടുത്തു. ആദ്യമായൊരു ബി.എം.ഡബ്ല്യൂ എടുത്ത് അമ്പലത്തിൽ പോകുമ്പോൾ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു. എന്നെയും കണ്ടു. എന്റെ ഉള്ളിൽ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല, ഞാൻ വണ്ടിയിൽ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു, എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്"-ജയസൂര്യ പറഞ്ഞു.
താൻ ചെന്നയുടൻ ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്നയാളാണ് സരിതയെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ മനസ് തുറന്നത്.