ഇസ്ലാമബാദ്: അഫ്‌ഗാനിസ്ഥാനെതിരെ അമേരിക്ക നടത്തിയ അക്രമണത്തിൽ പാകിസ്ഥാൻ നിഷ്പക്ഷ നിലപാട് പുലർത്തേണ്ടതായിരുന്നു എന്ന് പശ്ചാത്തപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മുൻകാലത്ത് അമേരിക്ക നൽകിയ ഫണ്ടുപയോഗിച്ച് മുജാഹിദ്ദീനുകൾക്ക് പാകിസ്ഥാൻ പരിശീലനം നൽകിയിരുന്നു എന്നും എന്നാൽ ഇന്ന് അവർ രാജ്യത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി.
ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ സോവിയറ്റ് യൂണിയന്റെ പട്ടാളത്തിനെ അഫ്‌ഗാനിസ്ഥാനിൽ നിന്നും തുരത്തുന്നതിനായാണ് അമേരിക്ക പണം നൽകി പാകിസ്ഥാനെ ഉപയോഗിച്ച് മുജാഹിദ്ദീനെ പരിശീലിപ്പിച്ചത്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ആണ് ഇതിനായി ഇടപെട്ടതെന്നും ഇമ്രാൻ പറഞ്ഞു. എന്നാൽ സോവിയറ്റ് പട്ടാളത്തെ തുരത്തിയ ശേഷം ഈ ജിഹാദികൾ പിന്നീട് അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞപ്പോൾ അവർ ഭീകരവാദികൾ എന്ന് വിളിക്കുകയാണ് അവർ ചെയ്തതെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.
അമേരിക്കയ്ക്ക് അഫ്‌ഗാനിസ്ഥാനിലെ ദൗത്യത്തിൽ വിജയിക്കാനായില്ല എന്നും എന്നാൽ അതിന് അവർ പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തുന്നതിനും ഇമ്രാൻ പറഞ്ഞു. '70,000 ആൾക്കാരെയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ചിലവായ 100 ബില്ല്യൻ ഡോളർ ഞങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചു. അവസാനം അഫ്‌ഗാനിസ്ഥാനിൽ വിജയിക്കാത്തതിന് അമേരിക്ക ഞങ്ങളെയാണ് കുറ്റപ്പെടുത്തിയത്. ഇത് പാകിസ്ഥാനോടുള്ള കടുത്ത അനീതിയായാണ് എനിക്ക് തോന്നിയത്.' ഇമ്രാൻ ഖാൻ പറഞ്ഞു.