ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കീഴടങ്ങാൻ ചിദംബരം നൽകിയ ഹർജി കോടതി തള്ളി. ഡൽഹി റോസ്അവന്യു സി.ബി.ഐ കോടതിയാണ് ഹർജി തള്ളിയത്. ഈ കേസിൽ മുൻകൂർ ജാമ്യം സെപ്തംബർ 5ന് സുപ്രീംകോടതി നിഷേധിച്ചിരുന്നു. എന്നാൽ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിനാൽ ചിദംബരം കീഴടങ്ങൽ അപേക്ഷ നൽകുകയായിരുന്നു.
ഈ അപേക്ഷ കോടതി അനുവദിക്കുകയാണെങ്കിൽ തീഹാർ ജയിലിൽ നിന്ന് ഇ.ഡി കസ്റ്റഡിയിൽ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് ചിദംബരത്തെ മാറ്റുമായിരുന്നു. അതേസമയം, ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോർസ്മെന്റ് കോടതിയെ അറിയിച്ചു. ഇതിനാൽ ചിദംബരം തീഹാർ ജയിലിൽ തന്നെ തുടരും.
അതേസമയം, ഐ.എൻ.എക്സ് മീഡിയ കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്ന പി.ചിദംബരം ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് സുരേഷ് കെയ്റ്റ് ഏഴുദിവസത്തിനുള്ളിൽ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി സെപ്തംബർ 23 ന് വീണ്ടും പരിഗണിക്കും. കേസ് രാഷ്ട്രീയപകപോക്കലാണെന്ന്ചിദംബരത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. 2007 - 2008 കാലത്ത് നടന്ന സംഭവങ്ങളിൽ 2017ലാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്. സിബൽ ചൂണ്ടിക്കാട്ടി. ദിവസവും ചിദംബരത്തെ കാണാൻ കുടുംബത്തെ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.