കാട്ടാക്കട:ജൈവ പച്ചക്കറിയിൽ വിപ്ലവമൊരുക്കി നെട്ടുകാൽത്തേരി തുറന്നജയിൽ.ശക്തമായ മഴയത്ത് ഓണ വിപണിയിൽ പച്ചക്കറികൾക്ക് വിലയേറുമ്പോൾ ആളുകൾക്ക് ന്യായ വിലയിൽ പച്ചക്കറി നൽകാനായതിന്റെ സന്തോഷത്തിലാണ് നെട്ടുകാൽത്തേരി തുറന്നജയിൽ.
ഇതിനായി ഇവിടത്തെ അന്തേവാസികളും ഉദ്യോഗസ്ഥരും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. പൂർണ്ണമായും ജൈവ കൃഷിയായതിനാൽ തുറന്നജയിലിലെ പച്ചക്കറി വാങ്ങാൻ തലസ്ഥാന നഗരിയിൽ നിന്നുപോലും ഇവിടത്തെ വിപണന കേന്ദ്രത്തിൽ എത്താറുണ്ട്.
തുറന്ന ജയിൽ വളപ്പിലെ 50 ഏക്കറോളം സ്ഥലത്താണ് വിവിധയിനത്തിലുള്ള പച്ചക്കറി കൃഷി നടത്തുന്നത്.
നിരവധി വളർത്തു മൃഗങ്ങളും ചെക്ക് ഡാമിലെ മത്സ്യ കൃഷി,തീറ്റപ്പുൽ കൃഷി എന്നിവയും ഇവിടത്തെ പ്രത്യേകതയാണ്.മത്സ്യ കൃഷി വിളവെടുപ്പിൽ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിന്റെ ഖജനാവിലേയ്ക്ക് തുറന്ന ജയിലിൽ നിന്നും എത്തുന്നത്.
അമിതമായ കാലവർഷം ഇക്കൊല്ലത്തെ ജൈവ പച്ചക്കറി കൃഷിയെ കാര്യമായി ബാധിച്ചതായും ഇക്കുറി വൻ വിളവെടുപ്പ് പ്രതീക്ഷിരുന്നിടത്ത് നാലിലൊന്ന് വിളവെടുപ്പേ നടത്താനാവുകയുള്ളു എന്ന് ജയിൽ സൂപ്രണ്ട് വിനോദ് കുമാറും,അഗ്രിക്കൾച്ചർ ഓഫീസർ അജിത്ത് സിംഗും പറയുന്നു.
കാലവർഷവും വന്യമൃഗങ്ങളുടെ ശല്യവും കൃഷിയെ ബാധിക്കുന്നുണ്ട്.പച്ചക്കറിയ്ക്ക് പുറമേ വളപ്പിലെ വിപുലമായ റബർ കൃഷിയിലൂടെയും നല്ല വരുമാനമാണ് ലഭിക്കുന്നത്.
ഉദ്യോഗ സ്ഥരുടേയും അന്തേവാസികളുടേയും ഒരുമയോടെയുള്ള പ്രവർത്തനം ഇന്ന് സമൂഹത്തിന് തന്നെ മാതൃകയാവുകയാണ്.