thejas

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനത്തിന്റെ നേവൽ വേരിയന്റ് വിജയകരമായി ലാൻഡിംഗ് പരീക്ഷണം പൂർത്തിയാക്കി. നാവികസേനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന പരീക്ഷണമായ അറസ്‌റ്റഡ് ലാൻഡിംഗാണ് പ്രത്യേകം തയ്യാറാക്കിയ റൺവേയിൽ തേജസ് വിജയകരമായി പൂർത്തിയാക്കിയത്. നാവികസേനയുടെ പടക്കപ്പലുകളിൽ പറന്നിറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ ദൂരപരിധിയുള്ള റൺവേയിൽ അറസ്‌റ്റഡ് ലാൻഡിംഗ് നടത്തിയത്.

വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ടെയിൽഹൂക്ക് റൺവേയിലെ പ്രത്യേകം തയ്യാറാക്കിയ കയറിൽ ബന്ധിപ്പിക്കുന്ന രീതിയിൽ ലാൻഡിംഗ് നടത്തുന്നതാണ് അറസ്‌റ്റഡ് ലാൻഡിംഗ്. വിമാനവാഹിനി കപ്പലുകളിലെ 150 മീറ്ററിൽ താഴെ മാത്രം നീളമുള്ള റൺവേയിൽ ഇറങ്ങുന്നതിന്റെ ഭാഗമായാണ് ഈ വിദ്യ ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു വിമാനം അറസ്‌റ്റഡ് ലാൻഡിംഗ് നടത്തുന്നത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, യു.കെ ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഗോവൻ തീരത്ത് പ്രത്യേകം തയ്യാറാക്കിയ റൺവേയിലാണ് ഇന്ത്യൻ നാവികസേനയുടെ വിദഗ്‌ദ്ധ പൈലറ്റുമാർ വിമാനത്തെ ഇറക്കിയത്. ഇനി നിരവധി തവണ വിമാനം അറസ്‌റ്റഡ് ലാൻഡിംഗ് നടത്തി എല്ലാ പോരായ‌്മകളും പരിഹരിച്ച ശേഷമാകും നാവികസേനയുടെ ഭാഗമാകുക. അതിന് മുമ്പ് ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ കൂടി തേജസ് ലാൻഡിംഗ് നടത്തും. എന്നാൽ ഐ.എൻ.എസ് വിക്രമാദിത്യയിലും ഗോവയിലെ റൺവേയിലും സ്ഥാപിച്ചിരിക്കുന്ന ലാൻഡിംഗ് ഗിയറുകൾ വ്യത്യസ്തമാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾ കൂടി നടത്തിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നും പ്രതിരോധ വൃത്തങ്ങൾ വിശദീകരിച്ചു.

തേജസ് യുദ്ധവിമാനം
ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഒറ്റ എഞ്ചിൻ ലഘുയുദ്ധ വിമാനമായ തേജസിന് ആ പേരിട്ടത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ്. 1980കളിലാണ് ഇന്ത്യ ലഘുയുദ്ധ വിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. മാരുത് യുദ്ധ വിമാനങ്ങൾക്ക് ശേഷം ഹിന്ദുസ്ഥാൻ എറോനോട്ടിക്കൽസ് വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. 2011ൽ വ്യോമസേനാ പൈലറ്റുമാർക്കായി തേജസ് പരിശീലനത്തിന് കൈമാറിയിരുന്നു. 2016ൽ ഇത് സേനയുടെ ഭാഗമായി.