കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ മോശമാണെന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തൽ. കോർപ്പറേറ്റ്, പാരിസ്ഥിതിക മേഖലകളിലെ അരക്ഷിതാവസ്ഥയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) തളർച്ചയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതെന്ന് ഐ.എം.എഫ് വക്താവ് ജെറി റൈസ് പറഞ്ഞു.
നടപ്പുവർഷത്തെ (2019-20) ആദ്യപാദമായ ഏപ്രിൽ - ജൂണിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച ആറു വർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. മുൻവർഷത്തെ സമാന പാദത്തിലെ എട്ടു ശതമാനത്തിൽ നിന്നായിരുന്നു വീഴ്‌ച.
നടപ്പുവർഷം ഇന്ത്യയുടെ വളർച്ച നേരത്തേ വിലയിരുത്തിയതിനേക്കാൾ 0.3 ശതമാനം കുറയുമെന്നും ജെറി റൈസ് പറഞ്ഞു. ഏഴു ശതമാനമാണ് ഈ വർഷത്തെ പ്രതീക്ഷ.
7%
നടപ്പുവർഷം (2019-20) ഇന്ത്യയുടെ സമ്പദ്‌വളർച്ച നേരത്തേ പ്രതീക്ഷിച്ച 7.3 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി കുറയുമെന്ന് ഐ.എം.എഫ്. 2020-21ലെ വളർച്ചാ പ്രതീക്ഷ 7.5 ശതമാനത്തിൽ നിന്ന് 7.2 ശതമാനത്തിലേക്കും ഐ.എം.എഫ് വെട്ടിക്കുറച്ചു.
ലോകവും തളരുന്നു
തളർച്ചയുടെ ട്രാക്കിൽ ഇന്ത്യ ഒറ്റയ്ക്കല്ലെന്ന് ഐ.എം.എഫ് പറയുന്നു. അമേരിക്ക-ചൈന വ്യാപാരയുദ്ധം 2020ൽ ആഗോള സമ്പദ്‌വളർച്ചയിൽ 0.8 ശതമാനത്തിന്റെ കുറവുണ്ടാക്കും. അമേരിക്കയും ചൈനയും പരസ്‌പരം ഏർപ്പെടുത്തിയ അധിക ഇറക്കുമതി ചുങ്കം നിലവിൽ തന്നെ ആഗോള വളർച്ചയിൽ 0.5 ശതമാനത്തിന്റെ കുറവുണ്ടാക്കിയിട്ടുണ്ട്.
ചൈനയെ മറികടക്കും
വളർച്ചാനിരക്ക് കുറയുമെങ്കിലും നടപ്പുവർഷം ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ചൈനയെ പിന്നിലാക്കി ഇന്ത്യ വീണ്ടെടുക്കുമെന്ന് ഐ.എം.എഫ് അഭിപ്രായപ്പെട്ടു.