ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി അഞ്ചുദിവസം കൂടി നീട്ടി. അഞ്ചുദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. അതേസമയം, കസ്റ്റഡിയിൽ വിട്ടെങ്കിലും ശിവകുമാറിന് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണമെന്നും, വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി ഇ.ഡിയ്ക്ക് നിർദേശം നൽകി. ശിവകുമാറിന്റെ ജാമ്യഹർജിയിൽ തിങ്കളാഴ്ചയ്ക്കകം മറുപടി പറയണമെന്നും കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു.
ചോദ്യംചെയ്യലിനോട് ശിവകുമാർ സഹകരിക്കുന്നില്ലെന്നും അപ്രധാനമായ മറുപടികളാണ് നൽകുന്നതെന്നുമാണ് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കെ.എം. നടരാജൻ കോടതിയെ അറിയിച്ചത്. ഇതുവരെ ലഭിക്കാത്ത എന്ത് തെളിവാണ് അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ശിവകുമാറിൽ നിന്ന് ലഭിക്കുക എന്ന് കോടതി ചോദിച്ചെങ്കിലും ചില കൂട്ടു പ്രതികളെക്കുറിച്ചും ഇവരുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപത്തെക്കുറിച്ചും ചോദിച്ചറിയാനുണ്ട് എന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.
സെപ്തംബർ മൂന്നിനാണ് ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഒമ്പതുദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെയാണ് അവസാനിച്ചത്. 20 രാജ്യങ്ങളിലായുള്ള 317 ബാങ്ക് അക്കൗണ്ടുകൾ വഴി ശിവകുമാർ അനധികൃത ഇടപാടുകൾ നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. മാത്രമല്ല 200ഓളം കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുക്കളും ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കേസിൽ വാദം തുടരുകയാണ്. അതേസമയം, തനിക്ക് അഞ്ച് അക്കൗണ്ടുകൾ മാത്രമാണ് ഉള്ളതെന്നും അതിന്റെ എല്ലാ രേഖകളും ഇ.ഡിക്ക് നൽകാൻ തയ്യാറാണെന്നും ശിവകുമാർ കോടതിയിൽ പറഞ്ഞു. അഭിഷേക് മനു സിംഗ്‌വിയാണ് ശിവകുമാറിന് വേണ്ടി കോടതിയിൽ വാദിക്കുന്നത്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ശിവകുമാറിന്റെ മകൾ 23കാരിയായ ഐശ്വര്യ ശിവകുമാറിനെയും ഏഴുമണിക്കൂറോളം ഇ.ഡി ചോദ്യംചെയ്തിരുന്നു.