rajiv-kumar-

കൊൽക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ രാജീവ് കുമാറിന്റെ സി.ബി.ഐ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചു. ആജീവനാന്തം അറസ്റ്റ് ചെയ്യാതിരിക്കാനുള്ള പരിരക്ഷ നിയമം അനുശാസിക്കുന്നില്ലെന്നും സി.ബി.ഐ അന്വേഷണത്തിൽ ആവശ്യമില്ലാതെ ഇടപെടേണ്ടതില്ലെന്നും ഉത്തരവ് പിൻവലിച്ചുകൊണ്ട് ജസ്റ്റിസ് മധുമതി മിത്ര പറഞ്ഞു. ഇതോടെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ സി.ബി.ഐക്കുള്ള തടസം നീങ്ങി. പരാതിക്കാരനെ മനഃപൂർവം സി.ബി.ഐ ദ്രോഹിക്കുകയാണെന്നും അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങൾക്ക് കളങ്കം വരുത്തുകയാണെന്നുമുള്ള വാദം തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീക്കിയതിന് പിന്നാലെ രാജീവ് കുമാറിന്റെ വസതിയിൽ നേരിട്ടെത്തിയ സി.ബി.ഐ സംഘം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് കൈമാറി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തൻ കൂടിയായ രാജീവ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ മേയിലാണ് ശാരദ കേസിൽ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ആഗസ്റ്റിൽ അത് ഒരുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ രാജീവ് കുമാർ നശിപ്പിച്ചുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട ഫോൺവിളിരേഖകളും കേസ് ഡയറിയും ഫയലുകളും രാജീവ് കുമാർ കൈമാറിയില്ലെന്നും അട്ടിമറിച്ച തെളിവുകൾ കൈമാറിയെന്നും സി.ബി.ഐ വാദിച്ചു. നേരത്തേ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടയാൻ മമത നേരിട്ടെത്തി പ്രതിഷേധസമരം നടത്തിയിരുന്നു.

 സർക്കാരിനെ കുലുക്കുന്ന ശാരദ

വൻ തുക നൽകുമെന്ന്​ വിശ്വസിപ്പിച്ച്​ സാധാരണക്കാരിൽ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014 ൽ രജിസ്റ്റർ ചെയ്ത ശാരദാ ചിട്ടിതട്ടിപ്പ് കേസ്. സമൂഹത്തിലെ പ്രമുഖർ ഉൾപ്പെട്ട 200 ഓളം കമ്പനികളുടെ കൺസോർഷ്യമായിരുന്നു ചിട്ടിക്കമ്പനിക്ക്​ പിന്നിൽ. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐയെ ഏല്പിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാർ. മമത സർക്കാരിനെതിരായ വലിയ രാഷ്​ട്രീയ ആയുധമായി പ്രതിപക്ഷം ഉയർത്തി കാട്ടിയ വിവാദം കൂടിയായിരുന്നു ശാരദ ചിട്ടിതട്ടിപ്പ്​ കേസ്​.

 മമതയുടെ വിശ്വസ്തൻ

1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2016ലാണ് കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണറായി നിയമിതനായത്. കോളിളക്കം സൃഷ്ടിച്ച ശാരദ, റോസ് വാലി കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘങ്ങളുടെ തലവനായിരുന്നു രാജീവ് കുമാർ. ആദ്യഘട്ടത്തിൽ മമതാ ബാനർജിയുടെ എതിർചേരിയിലായിരുന്നു സ്ഥാനമെങ്കിലും ക്രമേണ അവരുടെ വലംകൈയായി തീർന്നു.