ഇസ്ലമാബാദ്: കാശ്മീർ വിഷയത്തിൽ യു.എൻ ഇടപെടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാക് പ്രധാനമന്ത്രിയുടെ നീക്കത്തിനാണ് തിരിച്ചടിയായത്. രാജ്യാന്തര കോടതിയെ സമീപിച്ചാൽ കേസ് നിലനിൽക്കില്ലെന്നാണ് ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോർട്ട്.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നുമായിരുന്നു ആരോപിച്ചാണ് പാകിസ്ഥാൻ യു.എന്നിനെ സമീപിച്ചത്. 80 ലക്ഷത്തോളം കാശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചു. കാശ്മീർ വിഷയത്തിൽ രാജ്യാന്തര വേദികളിൽ നിന്ന് പലതവണ തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിലിലും പാകിസ്ഥാൻ വിഷയം ഉന്നയിച്ചത്. എന്നാൽ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.