ഒരുകാലത്ത് ഹോളിവുഡ് സിനിമാ ലോകത്തെ ത്രസിപ്പിച്ച താരമായിരുന്ന ഡെമിമൂറിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. സ്ട്രിപ്ടീസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റർ ബ്രൂക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധക മനസുകളിൽ തീ കോരിയിട്ട താരത്തിന്റെ ജീവിതം സിനിമപോലെ തന്നെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. അമ്പത്തിയാറുകാരിയായ ഡെമിമൂറിന്റെ ജീവിതം പറയുന്ന ഇൻസൈഡ് ഔട്ട് എന്ന ആത്മകഥ സെപ്തംബർ 24നാണ് പുറത്തിറങ്ങുന്നത്.
സിനിമാലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് താരം പുസ്തകത്തിൽ നടത്തുന്നത്. പതിനഞ്ചാം വയസിൽ ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ച് പുസ്തകത്തിൽ ഡെമി മൂർ വിവരിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രായത്തിൽ ഏറെ ചെറുപ്പമായ ആഷ്ടൺ കച്ചറുമായുള്ള ബന്ധവും ഗർഭച്ഛിദ്റവുമെല്ലാം പുസ്തകത്തിൽ കടന്നുവരുന്നു
തന്നേക്കാൾ പതിനഞ്ച് വയസിന് ഇളപ്പമുള്ള ആഷ്ടൺ കച്ചറിൽ നിന്ന് ഗർഭിണിയായിരുന്നെന്ന് മൂർ പറയുന്നു. ആറു മാസം വളർച്ചയുണ്ടായിരുന്ന ആ കുഞ്ഞിനെ ഗർഭത്തിൽ തന്നെ നഷ്ടപ്പെട്ടുവെന്നും അവർ എഴുതുന്നുണ്ട്. ചാപ്ലിൻ റേ എന്നു പേരിടാനിരുന്ന ആ കുഞ്ഞിന്റെ മരണത്തിനുശേഷം മദ്യത്തിലും മയക്കുമരുന്നിനും അടിമയായി. ഞാൻ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി. എന്നാൽ, പിന്നീട് അതിൽ നിന്ന് മോചനം നേടാനായില്ല. ഇതിനെ തുടർന്ന് ആരോഗ്യവും വഷളായി. മക്കളായ റൂമർ, സ്‌കോട്ട്, തല്ലുലാ എന്നിവരുമായുള്ള ബന്ധവും തകർന്നു. പിന്നീട് ഒരു പുരധിവാസകേന്ദ്രത്തിൽ അഭയം തേടിയെന്നും ഡെമി മൂർ എഴുതുന്നു.
മോഡലിങ്ങിൽ തുടങ്ങി ഒരു കാലത്ത് ഹോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടികളിൽ ഒരാളായിരു ന്നു ഡെമി മൂർ. ആദ്യം ഫ്രെഡി മൂറിനെ വിവാഹം കഴിച്ചു. പിന്നീട് ബ്രൂസ് വില്ലീസിനെയും. വില്ലീസുമായി പിരിഞ്ഞ് അഞ്ചു വർഷത്തിനുശേഷമാണ് ആഷ്ടൺ കച്ചറെ വിവാഹം കഴിക്കുന്നത്. 2013ൽ ഇവർ പിരിഞ്ഞു. ഇപ്പോൾ ബെവെർലി ഹിൽസിൽ മകൾ താല്ലുലാ വിൽസിനൊപ്പം താമസിക്കുകയാണ് താരം.