rupee

കൊച്ചി: ഡോളറിനെതിരെ തുടർച്ചയായി ഏഴാം നാളിലും നേട്ടം കൊയ്‌ത് ഇന്ത്യൻ റുപ്പി. ഇന്നലെ ഡോളറിനെതിരെ 21 പൈസ ഉയർന്ന് 70.91ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്. ഏഴു ദിവസത്തിനിടെ ഡോളറിനെതിരെ രൂപ 147 പൈസയുടെ നേട്ടമുണ്ടാക്കി. വ്യാഴാഴ്‌ച മാത്രം 52 പൈസയുടെ നേട്ടം രൂപ കുറിച്ചിരുന്നു.

മറ്റു കറൻസികൾക്കെതിരെ ഡോളർ ദുർബലമായതും ക്രൂഡോയിൽ വിലയിടിവും ഇന്നലെ രൂപയ്ക്ക് ആവേശമായി. അമേരിക്ക-ചൈന വ്യാപാരയുദ്ധം അയയ്‌ഞ്ഞേക്കുമെന്ന സൂചനകളും ഓഹരി വിപണികളുടെ നേട്ടവും രൂപയെ മുന്നോട്ട് നയിച്ചു. ഏറെക്കാലമായി ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞിരുന്ന വിദേശ നിക്ഷേപകർ (എഫ്.പി.ഐ)​ ഇപ്പോൾ ഓഹരികൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇന്നലെ സെൻസെക്‌സ് 280 പോയിന്റ് ഉയർന്ന് 37,​384ലും നിഫ്‌റ്രി 93 പോയിന്റ് നേട്ടവുമായി 11,​075ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം,​ ഇന്നലെയും കേരളത്തിൽ സ്വർണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് പവൻവില 27,​880 രൂപയിലെത്തി. 15 രൂപ താഴ്‌ന്ന് 3,​485 രൂപയാണ് ഗ്രാം വില. ഈമാസം നാലിന് പവന് 29,​120 രൂപയും ഗ്രാമിന് 3,​640 രൂപയുമായിരുന്നു വില. രാജ്യാന്തര വില കുറഞ്ഞതും രൂപയുടെ മുന്നേറ്റവുമാണ് ഇപ്പോൾ വില കുറയാൻ കാരണം.