കൊൽക്കത്ത : ശാരദ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചു. ഇതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തൻ കൂടിയായ രാജീവ്കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സി.ബി.ഐയുടെ തടസം നീങ്ങി.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സി.ബി.ഐ സംഘം രാജീവ് കുമാറിന്റെ വീട്ടിലെത്തി നോട്ടിസ് നൽകി. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സി.ബി.ഐയുടെ നടപടി. ഇടക്കാല സംരക്ഷണം നൽകുന്നത് നീതി നിർവഹണത്തെ ഫലത്തിൽ തടസപ്പെടുത്തുന്നതിന് തുല്യമാണെന്ന് കൊൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സി.ബി.ഐ സമൻസ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്റെ ഹർജിയും കോടതി തള്ളി. ഇതോടെ രാജീവ് കുമാർ ഏത് നിമിഷവും അറസ്റ്റിലാകാമെന്ന സ്ഥിതിയിലാണ്.
തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ശാരദ ചിട്ടിതട്ടിപ്പ് കേസിലെ തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചുവെന്നാണ് സി.ബി.ഐയുടെ ആരോപണം. കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രാജീവ് കുമാറിനെ ചോദ്യം ചെയ്താൽ നിരവധി വിവരങ്ങൾ ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് സി.ബി.ഐ. 2500 കോടിയുടെ ചിട്ടി തട്ടിപ്പു കേസ് അന്വേഷിച്ച ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘത്തെ നയിച്ചത് രാജീവ് കുമാറായിരുന്നു. ബംഗാൾ മുഖ്യമന്ത്റി മമത ബാനർജിയുടെ നിർദേശ പ്രകാരം അദ്ദേഹം കേസിൽ തിരിമറി നടത്തിയെന്നാണ് ആക്ഷേപം. രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ കൊൽക്കത്തയിലെത്തിയ സി.ബി.ഐ സംഘത്തെ തടയാൻ മമത നേരിട്ടെത്തി പ്രതിഷേധസമരം നടത്തിയിരുന്നു.