ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി വരുമാനം ആഗസ്‌റ്റിൽ 6.05 ശതമാനം കുറഞ്ഞ് 2,613 കോടി ഡോളറിൽ എത്തിയെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഇറക്കുമതിയും കുറഞ്ഞതിനാൽ വ്യാപാരക്കമ്മിയിൽ ഇന്ത്യയിൽ ആശ്വസിക്കാനും വകയുണ്ട്. 2018 ആഗസ്‌റ്രിനെ അപേക്ഷിച്ച് 13.45 ശതമാനം കുറഞ്ഞ് ഇറക്കുമതിച്ചെലവ് 3,958 കോടി ഡോളറായി. ഇതോടെ, വ്യാപാരക്കമ്മി 1,792 കോടി ഡോളറിൽ നിന്ന് 1,345 കോടി ഡോളറിലേക്ക് താഴ്‌ന്നു. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി.
ഇരുമ്പയിര്, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ, സമുദ്രോത്‌പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് കഴിഞ്ഞമാസം കയറ്റുമതി വർദ്ധന നേടിയത്. എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവ നഷ്‌ടത്തിലേക്ക് വീണു. ഇന്ധന ഇറക്കുമതി കഴിഞ്ഞമാസം 8.9 ശതമാനം താഴ്‌ന്ന് 1,088 കോടി ഡോളറിലെത്തി. സ്വർണം ഇറക്കുമതി 62.49 ശതമാനം കുറഞ്ഞ് 136 കോടി ഡോളറിൽ ഒതുങ്ങിയതും വ്യാപാരക്കമ്മി താഴാൻ സഹായകമായി.