ഇസ്‍ലാമാബാദ്: കാശ്‌മീർ വിഷയം അന്താരാഷ്ട്ര കോടതിയിൽ എത്തിക്കാനുള്ള പാക് നീക്കത്തിനു കനത്ത തിരിച്ചടിയായി, കേസ് നിലനിൽക്കില്ലെന്ന് പാക് സർക്കാർ നിയോഗിച്ച നിയമ മന്ത്രാലയ സമിതി റിപ്പോർട്ട് നൽകി. കാശ്‌മീർ വിഷയം നേരിട്ട് അന്താരാഷ്ട്ര കോടതിയിലെത്തിക്കാനുള്ള യാതൊരു കരാറും ഇന്ത്യയും പാകിസ്ഥാനും തമ്മിലില്ലെന്നാണ് നിയമമന്ത്രാലയ സമിതിയുടെ നിലപാട്. വിഷയം യു.എൻ പൊതുസഭയിലോ സുരക്ഷാ സമിതിയിലോ ഉന്നയിച്ച് ലോകരാജ്യങ്ങളുടെ അബിപ്രായ സമന്വയമുണ്ടാക്കുകയാണ് വേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാശ്‌മീരിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു.
അതേസമയം, കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ വിമർശനങ്ങൾ കൂടുതൽ ശക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. കാശ്‌മീരിലെ പ്രതിഷേധങ്ങൾക്കെതിരായ ഇന്ത്യയുടെ സമീപനങ്ങൾ ആഗോള തലത്തിൽ കൂടുതൽ ഇസ്‍ലാം വിശ്വാസികളെ തീവ്രവാദത്തിലേക്കു തള്ളിവിടുമെന്ന് ഒരു റാലിയിൽ ഇമ്രാൻ പറഞ്ഞു. ''ആയിരക്കണക്കിനു ജനങ്ങളെ തടവിലിടുന്നതിലൂടെ നിങ്ങൾ കൂടുതൽ പേരെ തീവ്രവാദത്തിലേക്കു തള്ളിവിടുകയാണ്. ജനങ്ങൾ ഇന്ത്യയ്ക്കെതിരാകും. ലോകത്താകെയുള്ള ഇസ്ലാംമത വിശ്വാസികളെല്ലാം ഇതു കണ്ടുകൊണ്ടിരിക്കുകയാണ്"- ഇമ്രാൻഖാൻ പറഞ്ഞു. പാകിസ്ഥാൻ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, കാശ്മീരിനുവേണ്ടി അവസാനംവരെ പോരാടുമെന്നും പറഞ്ഞ ഇമ്രാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ചു. കാശ്‌മീരിന്റെ അംബാസഡറായി താൻ ലോകമാകെ സഞ്ചരിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
അതേസമയം, കാശ്മീർ വിഷയത്തിൽ പാകിസ്ഥാന് ഉള്ളിൽ നിന്ന് തന്നെ വിരുദ്ധാഭിപ്രായങ്ങളാണ് ഉണ്ടാകുന്നത്. കാശ്‌മീർ പ്രശ്നത്തിൽ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടാൻ സാധിച്ചില്ലെന്നും പാകിസ്ഥാന്റെ ശ്രമങ്ങൾക്കിടെയും ലോകം ഇന്ത്യയെയാണു വിശ്വസിച്ചതെന്നും പാക് മന്ത്രി ഇജാസ് അഹമ്മദ് ഷാ സമ്മതിച്ചു.