ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇടവേളയ്ക്ക് ശേഷം പോരാട്ടം കടുത്തതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഴയ പ്രതാപത്തിലേക്ക് തരിച്ചുവരവിന് ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്രഡിന് വെല്ലുവിളിയായി പ്രമുഖതാരങ്ങളുടെ പരിക്ക്. ഇന്ന് ലെസ്റ്രറിനെതിരായ പ്രധാന മത്സരത്തിനിറങ്ങുന്ന യുണൈറ്രഡിന് പോൾ പോഗ്ബയുൾപ്പെടെയുള്ള ഏഴോളം പ്രമുഖ താരങ്ങളുടെ സേവനം പരിക്ക് മൂലം ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.പോൾ പോഗ്ബയെക്കൂടാതെ മാർട്ടിയാൽ, ലൂക്ക് ഷാ, ഡാലറ്റ്, എറിക് ബെയ്ലി എന്നിവർ ഇന്ന് കളിക്കില്ലെന്ന കാര്യം ഉറപ്പായി. പരിക്കിന്റെ പിടിയിലുള്ള ജെസ്സെ ലിൻഗാർഡ്, ആരോൺ വാൻ -ബിസ്സാക്ക എന്നിവർ കളിക്കുന്നകാര്യവും സംശയമാണ്. യുണൈറ്റഡിന്റെ മെഡിക്കൽ വിഭാഗം വളരെ തിരക്കിലാണ്. കൂടുതൽ താരങ്ങൾക്ക് വിശ്രമം അനിവാര്യമായിരിക്കുകയാണെന്നായിരുന്നു സോൾഷെയർ പറഞ്ഞത്. ഇത്തവണയും ലീഗിൽ യുണൈറ്രഡിന്റെ തുടക്കം അത്ര ആശാവഹമല്ല. 4 മത്സരങ്ങളിൽ നിന്ന് 5 പോയിന്റ് മാത്രമുള്ള അവർ എട്ടാം സ്ഥാനത്താണ്.
അലിസൺ ഈ മാസവും കളിക്കില്ല
യൂറോപ്യൻ ചാമ്പ്യൻമാരും പ്രിമിയർ ലീഗിലെ നിലവിലെ റണ്ണറപ്പുകളുമായ ലിവർപൂളിനും പരിക്കിന്റെ തലവേദന ഒഴിയുന്നില്ല. പരിക്ക് ഭേദമാകാത്തതിനാൽ അവരുടെ ഒന്നാം നമ്പർ ഗോളി അലിസൺ ബെക്കർ ഒക്ടോബർ പകുതിവരെ പുറത്തിരിക്കേണ്ടിവരുമെന്ന് കോച്ച് ജോർഗൻ ക്ലോപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. അതേസമയം പരിക്ക് ഭേദമായി വരുന്ന നബി കെയ്റ്റ സീനിയർ ടീമിനൊപ്പം ഉടൻ പരിശീലനം ആരംഭിക്കുമെന്നും ക്ലോപ്പ് പറഞ്ഞു.
റയലും പ്രതിസന്ധിയിൽ
സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും പരിക്കിന്റെ തലവേദനയിലാണ്. പ്ലേമേക്കർ ലൂക്ക മൊഡ്രിച്ചാണ് പരിക്കേറ്രവരുടെ നിരയിലെത്തിയ പുതിയ റയൽ താരം. മൊഡ്രിച്ചിന്റെ വലത്തേ തുടയ്ക്കാണ് പരിക്കേറ്രിരിക്കുന്നത്. അദ്ദേഹം ഇന്ന് ലെവാന്റെയ്ക്കെതിരെ കളിക്കില്ലെന്നാണ് വിവരം. ഇസ്കോ, ഹാമിഷ് റോഡ്രിഗസ്, ഡിയാസ്, റോഡ്രിഗോ, ജോവിക്ക്, അസൻസിയോ എന്നിവരെല്ലാം പരിക്കേറ്ര് വിശ്രമത്തിലാണ്. ഈഡൻ ഹസാർഡും സുഖം പ്രാപിച്ചുവരുന്നതേയുള്ളൂ. ഇതിനൊപ്പം വിയ്യാറയലിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ ഗാരത് ബെയ്ലിന് സസ്പെൻഷൻ കിട്ടിയതും റയലിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.