ബീജിംഗ്: ഒരു ഫോട്ടോഗ്രാഫർ, ഒരു നിമിഷം, ഒരു ക്ലിക്ക്...അത് പകരംവയ്ക്കാനാകാത്തവിധം ചരിത്രത്തിലേക്ക്. ലോകം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന്റെ പ്രതീകമായി തീർന്ന ടിയാനൻമെൻ സ്ക്വയറിലെ ''ടാങ്ക് മാൻ" ന്റെ ചിത്രമായിരുന്നു അത്. ആ ചിത്രത്തിന് പിന്നിൽ ചിമ്മിത്തുറന്ന കണ്ണുകൾക്കുടമ ഫോട്ടോഗ്രാഫർ ചാൾസ് കോൾ അന്തരിച്ചു. 64 വയസായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ കഴിഞ്ഞ ആഴ്ചയാണ് അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. നിരയായി നീങ്ങുന്ന പട്ടാള ടാങ്കുകൾക്കു മുന്നിൽ ഒറ്റയ്ക്ക്, നിരായുധനായി നിന്ന് പ്രതിരോധിക്കുന്ന യുവാവിന്റെ ചിത്രമാണ് ചാർലി കോൾ പകർത്തിയത്. 1989 ജൂൺ അഞ്ചിനായിരുന്നു ഇത്. ടിയാനൻമെൻ സ്‌ക്വയറിൽ 3000ഓളം പ്രക്ഷോഭകരെ കൊലപ്പെടുത്തിയ സംഭവത്തിന് പിറ്റേ ദിവസമാണ് ചിത്രം പകർത്തിയത്. ഒരു ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് പകർത്തിയ ഈ ചിത്രം ചാർലിക്ക് 1990ലെ ലോക പ്രസ് ഫോട്ടോ അവാർഡ് നേടിക്കൊടുത്തു. ആ പ്രതിഷേധക്കാരന്‍ അന്ന് 19 വയസുണ്ടായിരുന്ന ആർക്കിയോളജി വിദ്യാർത്ഥി വാംഗ് വൈലൻ ആണെന്നാണ് ചില മാദ്ധ്യമങ്ങൾ പറയുന്നത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ ചൈനീസ് ഭരണകൂടം അയാളെ തടവിലിട്ടോ, കൊലപ്പെടുത്തിയോ എന്നി കാര്യങ്ങളിലൊന്നും ഇപ്പോഴും ഒരു വ്യക്തതയുമില്ല.