കോഴിക്കോട്: പേരാമ്പ്രയിൽ കഴിഞ്ഞ ഞായറാഴ്ച പതിനാലുകാരി മരിച്ചത് ഷിഗല്ല ബാധിച്ചെന്ന് സംശയം. രക്തപരിശോധനാഫലം ലഭിക്കാത്തതിനാൽ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
ആവടുക്ക കൂളികെട്ടുംപാറ ശ്രീധരന്റെ മകളും പടത്തുകടവ് ഹോളി ഫാമിലി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായ സനുഷയാണ് (14) മരിച്ചത്.
വയറിളക്കവും ഛർദ്ദിയും ബാധിച്ച് സനുഷയെ ഒരാഴ്ച മുമ്പാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ സനുഷയ്ക്ക് ഞായറാഴ്ചയോടെ രോഗം മൂർച്ഛിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. എന്നാൽ സനുഷയുടെ സഹോദരിയെയും മുത്തച്ഛനെയും സമാന രോഗലക്ഷണങ്ങളോ ടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സനൂഷയുടെ രക്തസാമ്പിൾ മണിപ്പാൽ വൈറോളജി ലാബിലേക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.
എന്നാൽ സനൂഷയുടെ ബന്ധുക്കളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു..
എന്താണ് ഷിഗല്ലെ
ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കമാണ് ഷിഗല്ല. കുടലിനുള്ളിലേക്ക് ബാക്ടീരിയ തുളച്ച് കയറുന്നതു കൊണ്ടുതന്നെ ചികിത്സ പ്രയാസകരമാണ്. സാധാരണ കുട്ടികളിലാണ് രോഗം പെട്ടെന്ന് ബാധിക്കുക. പ്രത്യേകിച്ച് മരുന്നില്ല. വൃത്തിഹീനമായ ഭക്ഷണം, മലിനജലം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പകരും.