ധർമ്മശാല: ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്ര് ടീം സ്വന്തം നാട്ടിൽ വീണ്ടും മത്സരത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം നാളെ ധർമ്മശാലയിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. മൂന്ന് വീതം ട്വന്റി-20, ടെസ്റ്റ് മത്സരങ്ങൾ കളിക്കാനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ നാട്ടിൽ മത്സരത്തിനിറങ്ങുന്നത്. ലോകകപ്പ് സെമിയിലെ തോൽവിക്ക് ശേഷം നടന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ മൂന്ന് ഫോർമാറ്രിലും ഗംഭീര ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നത്. പരിചയ സമ്പന്നരുടെ അഭാവമുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയാണുള്ളത്. സ്വന്തം നാട്ടിൽ കൂടുതൽ കരുത്തരായ ഇന്ത്യയെ നേരിടുകയെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്.
പരീക്ഷണങ്ങൾ
ട്വന്റി-20യേക്കാളുപരി ടെസ്റ്റ് ടീമിൽ ചില പരിക്ഷണങ്ങൾക്കുള്ള വേദിയായാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ പര്യടനത്തെക്കാണുന്നത്. കുറെ നാളായി ഫോമിലല്ലാത്ത കെ.എൽ.രാഹുലിനെ ടീമിൽ നിന്നൊഴിവാക്കിയ ഇന്ത്യൻ സെലക്ടർമാർ രോഹിത് ശർമ്മയെ ടെസ്റ്രിലും ഓപ്പണറായി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാഹുലിന് പകരം ഓപ്പണറായും മദ്ധ്യനിരയിലും തിളങ്ങാൻ കെല്പുള്ള യുവതാരം ശുഭ്മാൻ ഗില്ലിന് അവസരം കൊടുത്തിരിക്കുന്നതും ചില കണക്കുകൂട്ടലുകളോടെയാണ്.
രോഹിത് ശർമ്മയെ മായങ്ക് അഗർവാളിനൊപ്പം ഓപ്പണറായി ഇറക്കുമെന്ന് ടീം പ്രഖ്യാപന വേളയിൽ സെലക്ഷൻ കമ്മിറ്രി ചെയർമാൻ എം.എസ്.കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ഓപ്പണറായി ഇറങ്ങുന്നത് തന്നെയാണ് രോഹിതിനും ഇഷ്ടമെന്നും പ്രസാദ് വെളിപ്പെടുത്തിയിരുന്നു. ഏറെ നാളായി തലവേദനായിയി തുടരുന്ന ഓപ്പണിംഗ് പൊസിഷനിൽ പുതിയ ജോഡി ക്ലിക്കാകുമോയെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റും ആരാധകരും.
നേത്തേ പരിമിത ഓവർ മത്സരങ്ങളിൽ മദ്ധ്യനിരയിൽ ഫോം കണ്ടെത്താനാകാതെ വിഷമിച്ച സാഹചര്യത്തിൽ രോഹിതിനെ ഓപ്പണറാക്കാനുള്ള തീരുമാനം വൻവിജയമായതിന് കാലം സാക്ഷിയാണ്. അതേ പോലെ തന്നെ ടെസ്റ്റിലും ഓപ്പണറുടെ റോളിൽ രോഹിത് തിളങ്ങുമോയെന്നാണ് എല്ലാവരും ഉറ്രുനോക്കുന്നത്. അതേസമയം ടെസ്റ്റിൽ രോഹിതിന്റെ പ്രകടനം ഇതുവരെ അത്ര ആശാവഹമല്ല. മദ്ധ്യനിരയിൽ ഹനുമ വിഹാരി കിട്ടിയ അവസരം വിനിയോഗിച്ച് സ്ഥാനം ഏറെക്കുറെ ഭദ്രമാക്കിയ സാഹചര്യത്തിൽ ഓപ്പണറുടെ റോളിൽ അവസരം മുതലാക്കുകയെന്നത് രോഹിതിന് അത്യാവശ്യമാണ്.
ഓപ്പണിംഗിലും മദ്ധ്യനിരയിലും മികച്ച ബാക്ക് അപ്പ് എന്ന നിലയിലാണ് ഭാവി പ്രതീക്ഷയായ ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ എ ടീമിനായി ഉൾപ്പെടെ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് ഗിൽ പുറത്തെടുക്കുന്നത്. വിൻഡീസ് പര്യടനത്തിൽ ഗില്ലിനെ ഉൾപ്പെടുത്താതിരുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
പന്തിന് വെല്ലുവിളി
ധോണിയുടെ പിൻഗാമിയായി പരിഗണിക്കുന്ന റിഷഭ് പന്തിന് പക്ഷേ മികച്ച പ്രകടനം തുടർച്ചയായി പുറത്തെടുത്താലെ ടീമിൽ നിലനിൽപ്പുണ്ടാകൂവെന്ന സന്ദേശമാണ് സെലക്ടർമാർ നൽകുന്നത്. പന്തിനൊപ്പം വെറ്റ്റൻ താരം വൃദ്ധിമാൻ സാഹയാണ് ടീമിലെ മറ്രൊരു വിക്കറ്ര് കീപ്പർ. ഒന്നാം നമ്പർ കീപ്പറായാണ് പന്തിനെ തിരഞ്ഞെടുത്തതെങ്കിലും ആരെ അവസാന ഇലവനിൽ ഉൾപ്പെടുത്തണമെന്നത് ടീം മാനേജ്മെന്റിന് തീരുമാനിക്കാമെന്ന് പ്രസാദ് പറഞ്ഞിരുന്നു. ഇന്ത്യൻ പിച്ചുകളിൽ പന്തിന്റെ കീപ്പിംഗിൽ ചില പ്രശനങ്ങലുണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ അഭിപ്രായം. അതുപോലെ തന്നെ വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവവും അദ്ദേഹത്തിന് മേൽ സമ്മർദ്ദം ഉയർത്തുന്നു.
ധർമ്മശാലയിൽ മഴ ഭീഷണി
ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന്റെ വേദിയായ ധർമ്മശാലയിൽ മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. പകൽ സമയം ഇടവിട്ട് ഇവിടെ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം മത്സരം രാത്രിയായതിനാൽ മഴ വില്ലനായേക്കില്ലെന്നും വിലയിരുത്തലുണ്ട്.
മത്സര ഷെഡ്യൂൾ
ട്വന്റി-20
ഒന്നാം ട്വന്റി-20- നാളെ ധർമ്മശാലയിൽ
രണ്ടാം ട്വന്റി-20- 18ന് മൊഹാലിയിൽ
മൂന്നാം ട്വന്റി-20 -22ന് ബംഗളുരുവിൽ
( എല്ലാ മത്സരവും രാത്രി 7 മുതൽ)
ഒന്നാം ടെസ്റ്ര് - ഒക്ടോബർ 2 മുതൽ വിശാഖപട്ടണത്ത്
രണ്ടാം ടെസ്റ്റ് - ഒക്ടോബർ 10 മുതൽ പൂനെയിൽ
മൂന്നാം ടെസ്റ്ര് - ഒക്ടോബർ 19 മുതൽ റാഞ്ചിയിൽ
( എല്ലാ മത്സരവും രാവിലെ 9.30 മുതൽ)