ന്യൂഡൽഹി:യുദ്ധവിമാനങ്ങൾ വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിലെ പ്രത്യേക വടത്തിൽ കൊളുത്തി വേഗതകുറച്ച് സഡൻ ബ്രേക്കിട്ടതുപോലെ നിറുത്തുന്ന 'അറസ്റ്റഡ് ലാൻഡിംഗ്' സങ്കേതം ഇന്ത്യയുടെ തേജസ് യുദ്ധവിമാനവും വിജയകരമായി
പരീക്ഷിച്ചു. ഇതോടെ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കിയിട്ടുള്ള അഞ്ച് വൻശക്തി രാഷ്‌ട്രങ്ങളുടെ ക്ലബ്ബിൽ ഇന്ത്യയും ഇടം പിടിക്കുകയാണ്.
ഇന്ത്യ സ്വന്തമായി നിർമ്മിച്ച തേജസ് ലഘു യുദ്ധവിമാനത്തിന്റെ നാവിക പതിപ്പാണ് പരീക്ഷണം വിജയകരമായി നടത്തിയത്. അറസ്റ്റഡ് ലാൻഡിംഗ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാനമാണ് തേജസ്.
ഇന്നലെ ഗോവയിലെ കടൽത്തീര ടെസ്റ്റിംഗ് സെന്ററിൽ വിമാനവാഹിനി കപ്പലിന്റെ ഡെക്കിന് സമാനമായ റൺവേയിലായിരുന്നു തേജസിന്റെ പരീക്ഷണം. ജൂൺ, ജൂലായ് മാസങ്ങളിൽ തേജസ് അറുപത് തവണ ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തിയിരുന്നു. ഡി. ആർ. ഡി. ഒയും ഏറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.
കരയിലെ തുടർ പരീക്ഷണങ്ങൾ വിജയിച്ച ശേഷം ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ ഐ. എൻ. എസ് വിക്രമാദിത്യയുടെ ഡെക്കിൽ 'അറസ്റ്റഡ് ലാൻഡിംഗ് ' നടത്തും.
യുദ്ധവിമാനങ്ങൾ നാവിക സേനയിൽ സർവീസിന് റെഡിയാക്കുന്നതിന്റെ സുപ്രധാന ഘട്ടമാണിത്. ലാൻഡിംഗിന് ശേഷം വളരെ ചെറിയൊരു ദൂരം മാത്രം ഓടി പെട്ടെന്ന് നിറുത്താനുള്ള ശേഷി യുദ്ധവിമാനങ്ങൾക്ക് അനിവാര്യമാണ്. വിമാനവാഹിനി കപ്പലുകളുടെ ഡെക്കിലെ വളരെ നീളം കുറഞ്ഞ 'റൺവേ'യിലാണ് യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യേണ്ടത്. കുതിക്കുന്ന വിമാനത്തെ വടത്തിൽ കൊളുത്തി പിന്നിലേക്ക് വലിച്ച് പൊടുന്നനെ നിർത്തുമ്പോൾ ഉണ്ടാകുന്ന ഉഗ്രമായ സമ്മർദ്ദത്തെ വിമാനത്തിന്റെ ഘടകങ്ങൾ അതിജീവിക്കേണ്ടതുണ്ട്. അത്രയേറെ കരുത്തുറ്റ രൂപകൽപ്പനയാണ് തേജസിന്റേത്.
അറസ്റ്റഡ് ലാൻഡിംഗ്
സെക്കൻഡിൽ 7.5 മീറ്റർ ( മിനിറ്റിൽ ഏകദേശം 1500 അടി ) എന്ന കണക്കിലാണ് തേജസ് താഴേക്ക് ഇറങ്ങുന്നത്. ലാൻഡിംഗ് കഴിഞ്ഞാൽ വേഗത മണിക്കൂറിൽ 244 കിലോമീറ്റർ. മിന്നൽ വേഗതയിൽ കുതിക്കുന്ന വിമാനത്തിന്റെ പള്ളയിലുള്ള കൊളുത്ത് റൺവേയ്‌ക്ക് കുറുകെ ഘടിപ്പിച്ച വടത്തിൽ (അറസ്റ്റിംഗ് ഗിയർ ) കൊളുത്തി വലിക്കും. അതോടെ വിമാനത്തിന്റെ വേഗത കുറയുകയും പൊടുന്നനെ പിടിച്ചു നിറുത്തുകയും ചെയ്യും. രണ്ട് സെക്കൻഡിൽ വിമാനം നിശ്ചലമാകും. വെറും 87 മീറ്ററാണ് വിമാനം തറയിൽ സഞ്ചരിച്ചത്.
വൻശക്തികൾക്കൊപ്പം ഇന്ത്യയും
അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ വൻശക്തികൾ മാത്രമാണ് സ്വന്തമായി വികസിപ്പിച്ച യുദ്ധ വിമാനങ്ങൾ വിമാനവാഹിനി കപ്പലിന്റെ ഡെക്കിൽ അറസ്റ്റഡ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്. ചൈന അടുത്തിടെയാണ് ഈ ശേഷി കൈവരിച്ചത്.