burqa-ban

ഫിറോസാബാദ്: കോളേജിൽ ബുർഖ ധരിച്ചെത്തിയ പെൺകുട്ടികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ എസ്.ആർ.കെ കോളേജിലാണ് സംഭവം നടക്കുന്നത്. ബുർഖ ഈ കോളേജിന്റെ ഡ്രസ് കോഡല്ല എന്ന് പറഞ്ഞാണ് പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ ഒാടിച്ചത്. ബുർഖ ധരിച്ചെത്തുന്നവരെ കോളേജിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എസ്.ആർ.കെ കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോളേജിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. അടുത്തിടെ രണ്ട് വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കോളേജിൽ ബുർഖയ്ക്കു നിരോധനം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് വേണ്ടി പുതിയ ഡ്രസ് കോ‌ഡ് നിശ്ചയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കോളേജ് പ്രിൻസിപ്പാളായ ഭാസ്‌കർ റായ് ആണ് വിദ്യാർത്ഥികളെ തല്ലാനൊരുങ്ങുന്നത്. വടിയെടുത്ത് കോളജിന്റെ പ്രധാന കവാടത്ത് നിൽക്കുകയും ബുർഖ ധരിച്ചെത്തിയ വിദ്യാർഥിനികളെ ഓടിക്കുകയുമായിരുന്നു. സമീപത്ത് ഒരു പൊലീസുകാരൻ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. മുസ്ലിം പെൺകുട്ടികളെ അപമാനിക്കുന്നതാണ് തരത്തിലാണ് സംഭവമെന്ന് ആരോപിച്ച് നിരവധി പേരാണ് കോളേജിനെതിരെ രംഗത്തെത്തിയിരുക്കുന്നത്.